കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ടെയ്ല്‍ ഓഫ് ദി സീ എന്ന സിനിമയുടെ റിവ്യൂ, നിര്‍മല്‍ സുധാകരന്‍ എഴുതുന്നു

ബഹ്മാന്‍ ഫാര്‍മനറ സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രമാണ് ടെയ്ല്‍ ഓഫ് ദി സീ. ചിത്രത്തിന്റെ രചനയ്ക്കും സംവിധാനത്തിനുമൊപ്പം പ്രധാന കഥാപാത്രമായ 'താഹെര്‍ മൊഹെബി' എന്ന പ്രശസ്ത എഴുത്തുകാരനെ അവതരിപ്പിച്ചിരിക്കുന്നതും ഫാര്‍മനറ തന്നെ. ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടിവന്നതിന് പിന്നാലെ തീവ്രവിഷാദത്തിലേക്ക് വീണുപോയ ആളാണ് താഹെര്‍. ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ മൂന്ന് വര്‍ഷം പിന്നിട്ട അദ്ദേഹത്തെയാണ് സിനിമയുടെ തുടക്കത്തില്‍ നാം കാണുന്നത്. 'സ്‌കിസോഫ്രീനിയയുടെ വക്കിലെ'ന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ വിലയിരുത്തുന്ന താഹെറിന് ജീവിതത്തിലേക്ക് മടങ്ങാന്‍ സ്‌നേഹവും കുടുംബത്തിന്റെ കരുതലുമൊക്കെയാണ് പോംവഴിയെന്നും ഡോക്ടര്‍ പറയുന്നുണ്ട്. പക്ഷേ അത്തരത്തിലൊരു മടങ്ങിവരവിനുള്ള സാഹചര്യം ഇപ്പോള്‍ അദ്ദേഹത്തിനില്ല. കാരണം ഭാര്യ ജലെ, താഹിര്‍ ആശുപത്രി വിട്ടാല്‍ ചോദിക്കാന്‍ കരുതിവച്ചിരിക്കുന്നത് വിവാഹമോചനമെന്ന ആവശ്യമാണ്.

വിഷാദഭരിതമായ കഥകള്‍ മുന്‍പും പറഞ്ഞിട്ടുള്ള സംവിധായകന്റെ വൈയക്തികാഖ്യാനമാണ് ടെയ്ല്‍ ഓഫ് ദി സീ. ഇറാന്റെ ഒരു കലാ കാലഘട്ടത്തിനുള്ള ആദരമെന്ന് സംവിധായകന്‍ തന്നെ വിശേഷിപ്പിച്ചിട്ടുള്ള സിനിമ സമര്‍പ്പിച്ചിരിക്കുന്നത് രണ്ട് വര്‍ഷം മുന്‍പ് അന്തരിച്ച പ്രമുഖ സംവിധായകന്‍ അബ്ബാസ് കിയരോസ്തമിക്കാണ്. മൂന്ന് വര്‍ഷത്തെ മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവിതത്തിന് ശേഷം, വിവാഹമോചനം ആഗ്രഹിക്കുന്ന ഭാര്യയ്‌ക്കൊപ്പം കടല്‍ത്തീരത്തുള്ള സ്വവസതിയില്‍ തുടര്‍വാസം ആരംഭിക്കുകയാണ് താഹെര്‍. മുഴുവന്‍ ഡ്രാഫ്റ്റും തയ്യാറാക്കി വച്ചിട്ടുള്ള 'ഉന്മാദവുമായി ഒരു സംഭാഷണം' എന്ന നോവല്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട് അദ്ദേഹത്തിന്. എന്നാല്‍ അതിനുതകുന്ന സാഹചര്യമല്ല താഹെറിനെ വീട്ടില്‍ കാത്തിരിക്കുന്നത്.

രൂപഭാവങ്ങളും പ്രകടനവുംകൊണ്ട് ആദ്യ കാഴ്ചയില്‍ തന്നെ കഥാപാത്രത്തെ വിശ്വസനീയമാക്കിയിട്ടുണ്ട് സംവിധായകന്‍. അതിനാല്‍ കടലും തീരത്ത് മരങ്ങളുമൊക്കെ ചേര്‍ന്ന് ഒരുതരം നിഗൂഢത പകരുന്ന പശ്ചാത്തലമൊഴിച്ചാല്‍, മിനിമല്‍ സെറ്റിംഗ് ഉള്ള സിനിമയില്‍ താഹെറിന്റെ മനോവ്യാപാരങ്ങളെ സ്വാഭാവികതയോടെ പിന്തുടരാനാവുന്നുണ്ട്. ആശുപത്രി വിട്ടതിന് ശേഷവും മാനസികവ്യഥയില്‍ നിന്ന് മോചിതനാകാത്ത താഹെറിനെ കാത്തിരിക്കുന്നത് മോശം അനുഭവങ്ങളാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട സുഹൃത്തിനോട് അയാള്‍ സംസാരിക്കുന്നു, അഥവാ അങ്ങനെ തോന്നുന്നു, വിവാഹമോചനക്കാര്യം ഭാര്യ മുഖത്ത് നോക്കി സംസാരിക്കുന്നു, മുന്‍കാമുകിയുടെ മകള്‍ ഒരു ഞെട്ടിക്കുന്ന വസ്തുതയുമായി പ്രത്യക്ഷപ്പെടുന്നു! സ്വതേ വിഷാദവാനായ താഹെറിന്റെ സംഘര്‍ഷഭരിതമായ ദിനങ്ങളെ പതിഞ്ഞ താളത്തില്‍ പിന്തുടരുകയാണ് സിനിമ. താഹെറിന്റെ വീട് നില്‍ക്കുന്ന, മരങ്ങളും പക്ഷികളുമൊക്കെയുള്ള മനോഹരമായ കടല്‍ത്തീരം അദ്ദേഹത്തിന്റെ വീക്ഷണകോണിലൂടെ ചിത്രീകരിച്ചിരിക്കുന്നതുപോലെയാണ് കാഴ്ചാനുഭവം. സ്വാഭാവികമായും മനോഹാരിതയുള്ള പ്രദേശത്തിന് സിനിമയിലുടനീളം വിഷാദഭാവമാണ്. പെയ്മാന്‍ യസ്ദാനിയന്റെ പശ്ചാത്തലസംഗീതം സിനിമയുടെ ഈ ഭാവം കയറ്റിറക്കങ്ങളില്ലാതെ നിലനിര്‍ത്താന്‍ സംവിധായകനെ സഹായിക്കുന്നുണ്ട്.

സെന്‍സിറ്റീവ് ആയ, വിഷാദരോഗിയായ എഴുത്തുകാരനെ പിന്തുടരുമ്പോള്‍ ചിത്രം സിനിമാറ്റിക് നാടകീയതകളിലേക്കൊന്നും വീണുപോകുന്നില്ല. 97 മിനിറ്റില്‍ മനോഹാരിതയുള്ള ഒരു വിഷാദചിത്രം വരച്ചിടുന്ന സംവിധായകന്‍ അതിനിടയില്‍ കാണിക്ക് ലാഘവത്വത്തിന്റേതായ 'ഇടവേളകളൊ'ന്നും അനുവദിക്കുന്നില്ല. അതിനാല്‍ത്തന്നെ താഹെറിന്റെ കുഴമറിഞ്ഞ മനസുമായി ഐക്യപ്പെടുന്ന കാണിക്ക് നരേഷന്‍ പുരോഗമിക്കവെ ഒരു തിക്കുമുട്ടലാണ് അനുഭവപ്പെടുക.