മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാസമാഹാരങ്ങൾ, രണ്ടായിരത്തിമുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖനസമാഹാരങ്ങൾ തുടങ്ങി ടാഗോറിന്റെ സാഹിത്യസംഭാവനകൾ നിരവധിയാണ്.

''പാടണമെന്നുണ്ടീരാഗത്തില്‍
പാടാന്‍സ്വരമില്ലല്ലോ
പറയണമെന്നുണ്ടെന്നാലതിന്നൊരു
പദം വരുന്നീലല്ലോ
പ്രാണനുറക്കെ കേണീടുന്നു
പ്രഭോ പരാജിതനിലയില്‍;
നിബദ്ധനിഹ ഞാന്‍ നിന്‍ ഗാനത്തില്‍
നിരന്തമാകിയ വലയില്‍...''

ഭാരതത്തിന്റെ വിശ്വകവിയെന്ന് വിളിപ്പേരുള്ള രവീന്ദ്രനാഥ് ടാഗോറിന്റെ ഗീതാജ്ഞലി എന്ന കൃതിയിലെ പ്രശസ്ത വരികളാണിത്. 1913 ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഇന്ത്യയിലെത്തിയത് ഗീതാജ്ഞലിയിലൂടെയാണ്. ബഹുമുഖ പ്രതിഭയായിരുന്നു ടാഗോർ. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാസമാഹാരങ്ങൾ, രണ്ടായിരത്തിമുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖനസമാഹാരങ്ങൾ തുടങ്ങി ടാഗോറിന്റെ സാഹിത്യസംഭാവനകൾ നിരവധിയാണ്. ഏറ്റവുമൊടുവിൽ അറുപത്തിയെട്ടാമത്തെ വയസ്സിൽ അദ്ദേഹം ചിത്രകാരനും കൂടിയായി. വരച്ചു തീർത്തത് മൂവായിരത്തിലധികം ചിത്രങ്ങൾ.

പ്രതിഭയുടെ സംഗമഭൂമിയെന്നും ടാഗോറിനെ വിളിക്കാം. എഴുത്തുകാരനും ഗായകനും നടനും ചിത്രകാരനും സംഗീതജ്ഞനും തത്വചിന്തകനും സാമൂഹ്യപരിഷ്കർത്താവും സഞ്ചാരിയും ആയി ബംഗാളി സാഹിത്യത്തേയും സംഗീതത്തേയും ഒറ്റയ്ക്ക് പുനര്‍നിര്‍മ്മിച്ച പ്രതിഭ. ദേബേന്ദ്രനാഥ് ടാഗോറിന്റെയും ശാരദാ ദേവിയുടെയും 14 മക്കളിൽ ഏറ്റവും ഇളയ മകനായിരുന്നു ടാഗോർ. ചെറുപ്പത്തിലെ അമ്മ മരിച്ച കുട്ടിയെ പരിപാലിച്ചത് വേലക്കാരായിരുന്നു. കൊൽക്കത്തയിൽ പീരലി ബ്രാഹ്മണ വംശത്തിൽ പിറന്ന ടാഗോർ എട്ടാമത്തെ വയസ്സിലാണ് തന്റെ ആദ്യ കവിത രചിച്ചത്. പതിനാറാമത്തെ വയസ്സിൽ 'ഭാനുസിംഹൻ' എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877 -ൽ ചെറുകഥകളും നാടകങ്ങളും രചിച്ചുതുടങ്ങി.

1878-ല്‍ പഠനത്തിനായി ടാഗോര്‍ ഇംഗ്ളണ്ടിലേയ്ക്ക് പുറപ്പെട്ടു.അഭിഭാഷകനാകുക എന്നതായിരുന്നു മോഹം. എന്നാല്‍ പഠനത്തില്‍ താല്‍പ്പര്യം തോന്നാത്ത ടാഗോര്‍ 17മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി. കവിതയും ചെറുകഥകളും നാടകങ്ങളും എഴുതുന്നത് ടാഗോര്‍ സ്ഥിരമാക്കി. 1890ൽ ടാഗോർ തന്റെ കുടുംബ സ്വത്ത്‌ ഏറ്റെടുത്തു. അവിടെ "പദ്മ" എന്ന പത്തേമാരിയിൽ താമസിച്ച ടാഗോർ നാട്ടുകാർക്കിടയിൽ "സമീന്ദാർ ബാബു" എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌. സാഹിത്യപരമായി ടാഗോറിന്റെ ഏറ്റവും ഫല പുഷ്ടിയുള്ള കാലമായിരുന്നു ഇത്‌. മൂന്നു വാല്യങ്ങളിലായി വിരോധാഭാസവും വികാരാധിക്യവും നിറഞ്ഞ എൺപത്തിനാലു കഥകളടങ്ങിയ "ഗൽപ്പഗുച്ച്‌ഛ" യുടെ പകുതിയും പൂർത്തിയാക്കിയത്‌ ഈ കാലത്താണ്‌. ഇതിൽ ടാഗോർ ഗ്രാമീണ ബംഗാളി ജീവിതങ്ങൾ വരച്ചു കാണിച്ചിരിക്കുന്നു. 1883-ല്‍ മൃണാളിനി ദേവിയെ ടാഗോര്‍ വിവാഹം ചെയ്തു. വിവാഹനന്തരം ടാഗോറാണ് മൃണാളിനി ദേവിയെ ബംഗാളി, സംസ്കൃതം തുടങ്ങിയ ഭാക്ഷകള്‍ പഠിപ്പിച്ചത്

ഗാന്ധിജിയും ടാഗോറും
ബ്രിട്ടീഷ്‌ നിയമങ്ങൾക്കോ പൊതുനടപ്പിനോ ഇണങ്ങും വിധം പെരുമാറാതിരിക്കുകയും പ്രായോഗികവാദിയും ആയിരുന്ന ടാഗോർ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജിയെയും പൂർണ്ണമായി പിന്തുണച്ചിരുന്നു. ഗാന്ധിജിയെ ആദ്യമായി മഹാത്മ എന്ന് സംബോധന ചെയ്തത് ടാഗോറായിരുന്നു. ഗാന്ധിജി അദ്ദേഹത്തെ ഗുരുദേവ് എന്നും വിളിച്ചു. ഈ കാലത്തിന്‍റെ മഹാനായ കവിയെ മാത്രമല്ല രവീന്ദ്രനാഥടാഗോറിന്‍റെ മരണത്തിലൂടെ നമുക്ക് നഷ്ടമാകുന്നത്, മനുഷ്യസ്നേഹിയായ ഒരു തീക്ഷ്ണദേശീയവാദിയെക്കൂടിയാണ്. ശാന്തിനികേതനിലും ശ്രീനികേതനിലും രാജ്യത്തിനാകെവേണ്ടി അദ്ദേഹം അവശേഷിപ്പിച്ച പാരമ്പര്യം യഥാര്‍ത്ഥത്തില്‍ മുഴുവന്‍ ലോകത്തിന്‍റേതുമാണ്.'' രവീന്ദ്രനാഥ ടാഗോറിന്റെ മരണത്തിൽ ഗാന്ധിജിയുടെ വാക്കുകളായിരുന്നു ഇത്.

വിശ്വഭാരതി സർവ്വകലാശാല

1863 ൽ, രവീന്ദ്രനാഥ ടാഗോറിന്റെ പിതാവ് മഹർഷി ദെബേന്ദ്രഥ ടാഗോർ ഏഴ് ഏക്കർ സ്ഥലത്ത് ഉണ്ടാക്കിയ ഒരു പ്രാർത്ഥനാ മന്ദിരമാണ്‌ ഇന്നത്തെ സർവകലാശാലയായി വികസിച്ചത്. 1888-ൽ അദ്ദേഹം സ്ഥലവും കെട്ടിടവും, ബ്രഹ്മവിദ്യാലയവും അനുബന്ധ വായനശാലയും ഉണ്ടാക്കാൻ വിട്ടുകൊടുത്തു. 1901 ഡിസംബർ 22നു ബ്രഹ്മചര്യശ്രമം എന്ന പേരിൽ ഔപചാരികമായി രവീന്ദ്രനാഥിന്റെ വിദ്യാലയം പ്രവർത്തനം തുടങ്ങി. രവീന്ദ്രനാഥ ടാഗോറിന് ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസ രീതികളോട് വിയോജിപ്പുണ്ടായിരുന്നു. അതിനാൽ അദ്ദേഹം തന്റെ വിദ്യാലയത്തിൽ പൌരാണിക ഭാരത്തിലുണ്ടായിരുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് വിഭാവനം ചെയ്തത്.

ആയതിനാൽ ഇവിടുത്തെ പഠനവും പഠനവിഷയങ്ങളും ഇതര വിദ്യാലയങ്ങളിൽനിന്നും വളരെ വ്യത്യസ്തമായിരുന്നു. ലാളിത്യമായിരുന്നു ഈ വിദ്യാലയത്തിന്റെ മുഖമുദ്ര. അദ്ധ്യയനം തുറസ്സായ മരച്ചുവട്ടിലായിരുന്നു. ക്ലാസ്മുറിയുടെ നാല് ഭിത്തികൾ വിദ്യാർഥികളുടെ മനസ്സിനെ സങ്കുചിതമാക്കുമെന്നായിരുന്നു ടാഗോറിന്റെ അഭിപ്രായം. തുടക്കത്തിൽ സംഗീതം, ചിത്രകല, നാടകം മുതലായവയായിരുന്നു ഇവിടുത്തെ പഠനവിഷയങ്ങൾ. അധ്യാപകരും വിദ്യാർഥികളും ഒരേ സാമൂഹ്യ സാംസ്കാരിക നിലവാരത്തിലായിരുന്നു. വിദ്യാർഥികൾക്ക് അവരുടെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുള്ള ഒരു അന്തരീക്ഷമാണ് ഇവിടെ ഉണ്ടായിരുന്നത്. 1921 ഡിസംബർ 22നു, വിശ്വഭാരതി സ്വന്തം ഭരണഘടനയുള്ള ഒരു പൊതു സ്ഥാപനമായി രജിസ്റ്റർ ചെയ്തു.
.
ശാന്തിനികേതൻ
1901 ഡിസംബര്‍ 22നാണ് ടാഗോര്‍ ശാന്തിനികേതന്‍ സ്ഥാപിച്ചത്. അവിടെ തറയിൽ വെണ്ണക്കല്ല് പതിച്ച പ്രാർഥനാ മുറിയുള്ള ഒരു ആശ്രമവും പരീക്ഷണാടിസ്ഥാനത്തിൽ ഒരു വിദ്യാലയവും, പുഷ്പ-വൃക്ഷ തോട്ടങ്ങളും, ഒരു വായനശാലയും അദ്ദേഹം സ്ഥാപിച്ചു. "ഇൻഡ്യൻ രാഷ്ട്രീയ ജീവിതത്തിലെ മരുപ്പച്ച" എന്നാണ് ജവഹർലാൽ നെഹ്റു ശാന്തിനികേതനെ വിശേഷിപ്പിച്ചത്. 1921-ൽ ഈ വിദ്യാലയം വിശ്വഭാരതി സർവകലാശാലയായി. ടാഗോറിന്റെ വ്യക്തിജീവിതത്തിലെ ഏറ്റവും ദുരിതപൂർണ്ണമായി കാലഘട്ടമായിരുന്നു ഇതെന്ന് പറയാം. ഭാര്യയും രണ്ട് മക്കളും പിതാവും നഷ്ടപ്പെട്ടത് ഈ കാലത്തായിരുന്നു.

ഗീതാജ്‍ഞലിക്ക് നൊബൽ
1910ലാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്ത കാവ്യ സമാഹരമായ ഗീതാഞ്ജലി പുറത്തിറങ്ങിയത്. 1912ല്‍ ടാഗോര്‍ തന്നെ ഗീതാഞ്ജലി ഇംഗ്ളീഷിലേയ്ക്ക് പരിഭാഷപ്പെടുത്തി. ആ ലോകോത്തര പരിഭാഷയ്ക്ക് അദ്ദേഹത്തിന് 1913ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ളീഷ് സര്‍ക്കാര്‍ സര്‍ ബഹുമതി നല്‍കി ടാഗോറിനെ ആദരിച്ചു. എന്നാല്‍ 1919-ല്‍ ജാലിയന്‍ വലാബാഗ് കൂട്ടകൊലയെ തുടര്‍ന്ന് ദേശസ്നേഹിയായ ടാഗോര്‍ ആ അംഗീകാരം ബ്രിട്ടീഷ് സര്‍ക്കാരിന് തിരിച്ചു നല്‍കി. സ്വാതന്ത്ര്യ സമരത്തില്‍ ഭാരതത്തിലെ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഈ സംഭവം മുതല്‍കൂട്ടായി.

ജനഗണമന

സ്വാതന്ത്ര്യ സമര ഭടന്‍മാര്‍ക്ക് ഉണർവകിയ കവിതയായിരുന്നു ടാഗോറിന്‍റെ ജനഗണമന. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ദേശീയ ഗാനവും ജനഗണമനയായിരുന്നു. 1912 ജനുവരിയില്‍ തത്വബോധി എന്ന പത്രികയിലാണ് ഭാരത് വിധാത എന്ന ശീര്‍ഷകത്തില്‍ ഈ ഗാനം ആദ്യം പ്രസിദ്ധീകൃതമായത്. തത്വബോധിനി പത്രികയുടെ പത്രാധിപര്‍ കൂടിയായിരുന്നു രവീന്ദ്രനാഥ ടാഗോര്‍. കലാ-സാംസ്കാരിക-സാമൂഹ്യ രംഗത്തെ നിരവധി പ്രശസ്ത വ്യക്തിത്വങ്ങളുമായി ഗാഢസൗഹൃദം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ടാഗോർ. ഗീതാജ്ഞലിയുടെ ആംഗലേയ പതിപ്പിന് ആമുഖമെഴുതിയത് യീറ്റ്സ് ആയിരുന്നു. 1878നും 1932നും ഇടയിലുള്ള കാലയളവിൽ അഞ്ചു ഭൂഖണ്ഡങ്ങളിലെ മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ചു. ഇവിടങ്ങളിലെയൊക്കെ വിവിധ മേഖലകളിലെ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ ഇദ്ദേഹത്തിന് സാധിച്ചു. തെക്ക് കിഴക്കൻ ഏഷ്യ സന്ദർശനത്തെക്കുറിച്ച് ജാത്രി എന്നപേരിൽ ഒരു യാത്രാ വിവരണവും പുറത്തിറക്കിയിരുന്നു.

ഒഴുകിക്കൊണ്ടിരുന്ന നദീജലത്തിനു മുകളിൽ ഒരു വള്ളത്തിൽ നിവർന്നു കിടന്ന് പ്രകൃതിപ്രതിഭാസങ്ങളെ നിരീക്ഷിച്ചുകൊണ്ട് നദീജലത്തിന്റെ താളലയങ്ങൾക്ക് അനുഗുണമായ ഈണത്തിലും താളത്തിലും ഗാനങ്ങൾ ചമച്ച് ഇദ്ദേഹം സ്വയം ഉറക്കെ ചൊല്ലുകയും ആ ഗാനങ്ങൾ ഇദ്ദേഹത്തിന്റെ കൂടെയുള്ളവർ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുക പതിവായിരുന്നു. പ്രത്യേക ശൈലിയിലുള്ള ഒരു ഗാന സഞ്ചയം രൂപം കൊള്ളുവാനിടയായി. രവീന്ദ്രസംഗീതം ഇന്നും സവിശേഷമായ ഒന്നായി ലോകമെങ്ങും ആസ്വദിക്കപ്പെടുന്നുണ്ട്. അതുപോലെ തന്നെ ബംഗാളി ഭാഷയിൽ ചെറുകഥയ്ക്ക്‌ പ്രചാരം ലഭിക്കുവാൻ ടാഗോർ കഥകൾ വളരെ വലിയ പങ്ക്‌ വഹിച്ചു. അദ്ദേഹത്തിന്റെ കൃതികളിലെ താളമൊത്ത ഭാഷയും ശുഭപര്യവസായിയായ അവിശിഷ്ട വിഷയങ്ങളും സാധാരണക്കാർക്ക്‌ പ്രിയപ്പെട്ടതായി.

അവസാന നാലു വർഷങ്ങൾ രോഗശയ്യയിൽ കടുത്ത വേദനയിലായിരുന്ന ടാഗോർ, 1937 അവസാനത്തോടെ മരണാസന്ന അബോധാവസ്ഥയിലായി. അതിൽ നിന്ന് മോചിതനായെങ്കിലും 1940ൽ സമാനമായ അവസ്ഥയിൽ നിന്ന് ശമനമുണ്ടായില്ല. ടാഗോർ ഈ സമയത്ത്‌ രചിച്ച കവിതകൾ ഉത്കൃഷ്ടവും പ്രത്യേകമായി, മരണ ചിന്തയിൽ വ്യാപൃതമായവയും ആയിരുന്നു. നീണ്ട കാലത്തെ രോഗാവസ്ഥയ്ക്കു ശേഷം ടാഗോർ 1941 ഓഗസ്റ്റ്‌ 7-ന് തന്റെ ജന്മ ഗൃഹമായ ജൊറസങ്കോവിൽ വച്ച്‌ മരണമടഞ്ഞു. ടാഗോറിന്റെ ചരമവാർഷികം ഇന്നും പൊതു പരിപാടികളോടെ ബംഗാളികൾ അനുശോചിക്കുന്നു.