Asianet News MalayalamAsianet News Malayalam

'സാമ്പത്തികസംവരണം യഥാർത്ഥത്തിൽ മുന്നോക്കസംവരണം മാത്രം' ,ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമെന്നും വാദം

കേന്ദ്ര സർക്കാർ നടപ്പാക്കിയ സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഭരണഘടന ബഞ്ച് വാദം കേട്ടു തുടങ്ങി.തുല്യ അവസരം എന്ന മൗലിക അവകാശം ഹനിക്കുന്നതാണ് സാമ്പത്തിക സംവരണമെന്നും  ഹര്‍ജിക്കാരുടെ വാദം

 'Economic reservation is actually only prospective reservation' and is against the basic principles of the Constitution.argument in supreme court
Author
First Published Sep 13, 2022, 11:45 AM IST

ദില്ലി;കേന്ദ്ര സർക്കാർ നടപ്പാക്കിയ സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഭരണഘടന ബഞ്ച് വാദം കേട്ടു തുടങ്ങി. ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വാദം കേൾക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എല്ലാം വിരുദ്ധമാണ് കേന്ദ്ര സർക്കാർ പാസാക്കിയ ഭേദഗതിയെന്ന് ഹർജിക്കാരിൽ ഒരാളായ ജി മോഹൻ ഗോപാൽ വാദം തുടങ്ങി  വച്ച് പറഞ്ഞു.  തുല്യ അവസരം എന്ന മൗലിക അവകാശം ഹനിക്കുന്നതാണ് സാമ്പത്തിക സംവരണമെന്നും അദ്ദേഹം വാദിച്ചു.  സാമ്പത്തിക സംവരണം യഥാർത്ഥത്തിൽ മുന്നോക്ക സംവരണം മാത്രമാണെന്നും മോഹൻ ഗോപാൽ പറഞ്ഞു. അറ്റോണി ജനറൽ കെകെ വേണുഗോപാലാണ് കേന്ദ്രസർക്കാരിനു വേണ്ടി കോടതിയിൽ ഹാജരായത്.  കെകെ വേണുഗോപാൽ കുറെ നാളുകൾക്ക് ശേഷം  നേരിട്ട് കോടതിയിൽ എത്തിയതിൽ ചീഫ് ജസ്റ്റിസ് സന്തോഷം പ്രകടിപ്പിച്ചു. 

സുപ്രീംകോടതി നിയോഗിച്ച ഭരണഘടന ബെഞ്ചിന്‍റെ  വാദം കേൾക്കലിന് ഇന്നാണ് തുടക്കമായത്. സാമ്പത്തിക സംവരണം, മുസ്സീം വിഭാഗത്തിന്റെ പിന്നോക്ക പദവി എന്നിവയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കുക. ഒക്ടോബറോടെ ഈ കേസുകളിൽ വാദം കേൾക്കൽ പൂർത്തിയാക്കാനാണ് ശ്രമമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

സുപ്രധാനമായ ഏട്ടു കേസുകളിലെ ഭരണഘടനാ വിഷയങ്ങൾ പരിഗണിച്ച് തീർപ്പാക്കാനാണ് സുപ്രീംകോടതി പുതിയ രണ്ട് ഭരണഘടനാ ബെഞ്ചുകൾ രൂപീകരിച്ചത്. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്.രവീന്ദ്ര ഭട്ട്, ബേല എം.ത്രിവേദി, ജെ.ബി.പർദിവാല എന്നിവരടങ്ങുന്നതാണ് ആദ്യ ബെഞ്ച്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണത്തിന്റെ ഭരണഘടനാ സാധുത ആദ്യം പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. മുസ്ലീങ്ങൾക്ക് സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക വിഭാഗമായി നൽകിയ സംവരണത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജികളിലും ഇതോടൊപ്പം വാദം കേൾക്കും.  ഈ ഹർജികൾ പരസ്പരം ബന്ധപ്പെട്ടവ ആയതിനാലാണ് ആദ്യം പരിഗണിക്കാൻ തീരുമാനിച്ചത്. 

സിഖ് സമുദായത്തെ പഞ്ചാബിൽ ന്യൂനപക്ഷമായി കണക്കാക്കാമോ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമന രീതി മാറ്റണമോ, സുപ്രീംകോടതിക്കും ഹൈക്കോടതിക്കും ഇടയിൽ അപ്പീൽ കോടതി വേണോ തുടങ്ങിയ വിഷയങ്ങളും ഈ ബെഞ്ച് പരിശോധിക്കും. കേസുകളിൽ കോടതിയെ സഹായിക്കാൻ നാല് അഭിഭാഷകരെ നോഡൽ കോൺസൽമാരായും നിയമിച്ചു. 

Follow Us:
Download App:
  • android
  • ios