ദില്ലി: മീ റ്റൂ ആരോപണത്തിനെതിരെ മുന്‍ കേന്ദ്രമന്ത്രി എം ജെ അക്ബർ നൽകിയ മാനനഷ്ടക്കേസിൽ വിചാരണ നേരിടുകയാണ് മാധ്യമ പ്രവർത്തക പ്രിയ രമണി. ദില്ലി കോടതിയില്‍ വിചാരണ നടക്കുന്നതിനിടെ താന്‍ എം ജെ അക്ബറിനെതിരെ ഉന്നയിച്ചതെല്ലാം സത്യമാണെന്ന് പ്രിയരമണി പറഞ്ഞു. കോടതിയെ താന്‍ അറിയിച്ചകാര്യങ്ങള്‍ പ്രിയ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയും പുറത്തുവിട്ടിരുന്നു. 

''ഞാന്‍ സത്യമാണ് പറഞ്ഞത്. എന്‍റെ ട്വീറ്റ് ദുരുദ്ദേശത്തോടെയുള്ളതല്ല. അവിശ്വസിക്കേണ്ടതില്ല.  അപമാനകരമല്ല. ദുഷ്ടലാക്കോടെ ചെയ്തതല്ല, നുണക്കഥയുമല്ല'' എന്നും പ്രിയ രമണി കോടതിയില്‍ പറഞ്ഞു. 

എം ജെ അക്ബര്‍ മാന്യനാണെന്നതും അയാള്‍ കീര്‍ത്തിമാനാണെന്നതും വ്യാജമാണെന്നും താന്‍ കരണം അക്ബറിന്‍റെ പ്രശസ്തിക്ക് കോട്ടം തട്ടിയെന്ന ആരോപണത്തെ ഖണ്ഡിച്ച് രമണി കോടതിയില്‍ വാദിച്ചു. തന്‍റെ ട്വീറ്റുകളെ മനപ്പൂര്‍വ്വമായി വഴിതിരിച്ചുവിടുകയായിരുന്നു അക്ബര്‍ ചെയ്തത്. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അക്ബറിന്‍റെ പ്രശസ്തിയെ താന്‍ ചോദ്യം ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. 

കേന്ദ്രവിദേശകാര്യ സഹമന്ത്രിയായിരുന്ന എം ജെ അക്ബറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച് പ്രിയ രമാണിയും മറ്റ് ചില സ്ത്രീകളും രംഗത്ത് വന്നതോടെ കഴിഞ്ഞ ഒക്ടോബറിലാണ് എം ജെ അക്ബ‍ർ മന്ത്രിസ്ഥാനം രാജി വച്ചത്. 

പ്രിയ രമണിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തനിക്ക് മാനനഷ്ടം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് എം ജെ അക്ബർ കോടതിയിലെത്തിയത്. കേസ് സെപ്തംബര്‍ ഏഴിനും ഒമ്പതിനും വീണ്ടും പരിഗണിക്കും.