Asianet News MalayalamAsianet News Malayalam

ഇന്ത്യയെ പ്രകോപ്പിക്കാനില്ല, പക്ഷേ കൊലപാതകത്തെ ഗൗരവത്തിലെടുക്കണം- പ്രതികരണവുമായി ജസ്റ്റിന്‍ ട്രൂഡോ

ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കാര്യങ്ങളില്‍ പുരോഗതി ഉറപ്പാക്കേണ്ടതുണ്ടെന്നും ട്രൂഡോ കൂട്ടിചേര്‍ത്തു

'Not looking to provoke or escalate': Trudeau amid diplomatic row with India
Author
First Published Sep 19, 2023, 10:13 PM IST

ഒട്ടാവ: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ - കാനഡ നയതന്ത്ര ബന്ധം വഷളാവുന്നതിനിടെ പ്രതികരണവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വിഷയത്തില്‍ ഇന്ത്യയെ പ്രകോപിപ്പിക്കാനോ പ്രശ്നം കൂടുതള്‍ വഷളാക്കാനോ ശ്രമിക്കുന്നില്ലെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. എന്നാല്‍, വിഘടനവാദി നേതാവിന്‍റെ കൊലപാതകത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ വലിയ ഗൗരവത്തോടെ കാണണമെന്നും ട്രൂഡോ പറഞ്ഞു. കൊലപാതകത്തെ കാനഡ ഗൗരവമായി എടുത്തിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കാര്യങ്ങളില്‍ പുരോഗതി ഉറപ്പാക്കേണ്ടതുണ്ടെന്നും ട്രൂഡോ കൂട്ടിചേര്‍ത്തു. 

ഹർ‍ദീപ് സിംഗ് കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാകാമെന്ന് ജസ്റ്റിന്‍ ട്രൂഡോ പാർലമെന്‍റിൽ പ്രസ്താവന നടത്തിയിരുന്നു. കാനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങിന്‍റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഏജന്‍റുകള്‍ക്കുള്ള ബന്ധമുണ്ടെന്ന് കാനേഡിയന്‍ സുരക്ഷ ഏജന്‍സികള്‍ സംശയിക്കുന്നുവെന്നും ട്രൂഡോ ആരോപിച്ചു. ഇതിനുപിന്നാലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കുകയും ചെയ്തു. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്. ഇതിന് മറുപടിയായി ഇന്ത്യയും മുതിര്‍ന്ന കാനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു. ഇന്ത്യ വിരുദ്ധ നടപടിക്കാണ് കേന്ദ്രസർക്കാരിന്‍റെ മറുപടി. അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. 

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ രം​ഗത്തെത്തിയിരുന്നു. കാനഡയിലെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ട്രൂഡോയെ അറിയിച്ചിരുന്നു. ഖലിസ്ഥാൻ ഭീകരർക്ക് കാനഡ താവളം ഒരുക്കുന്നുവെന്നും ഇന്ത്യ വിമർശിച്ചിരുന്നു. 
ഈ വര്‍ഷം ജൂണ്‍ 18നാണ് കാനഡയിലെ സറെയിലെ ഗുരുദ്വാരയ്ക്ക് സമീപം ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് നേതാവ് ഹർദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ട് അജ്ഞാതര്‍ നിജ്ജാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 
 

Follow Us:
Download App:
  • android
  • ios