ദില്ലി: പാര്‍ട്ടി പ്രവര്‍ത്തകര്‍ കിരീടം ധരിപ്പിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ക്ഷുഭിതനായ ഹരിയായ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. കിരീടം ധരിപ്പിക്കാന്‍ ശ്രമിച്ച അനുയായിയോട് തലവെട്ടുമെന്ന് ഹരിയായ മുഖ്യമന്ത്രി മനോഹര്‍ ലാല്‍  ഖട്ടര്‍ പറയുന്നതിന്‍റെ വീഡിയോ കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തു വിട്ടു. അനുയായി കൈകൂപ്പി ഖട്ടാറിനോട് മാപ്പ് പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. 

പ്രവര്‍ത്തകരില്‍ ഒരാള്‍ നല്‍കിയ മഴുവുമായി നില്‍ക്കുമ്പോഴാണ് അനുയായികള്‍ ഖട്ടറിന്‍റെ തലയില്‍ കിരീടം ധരിപ്പിക്കാന്‍ ശ്രമിച്ചത്. ഇതില്‍ ക്ഷുഭിതനായ ഖട്ടര്‍ കിരീടം ധരിപ്പിക്കാന്‍ ശ്രമിച്ച അനുയായിയോട് ദേഷ്യപ്പെടുകയും തലവെട്ടിയെടുക്കുമെന്ന് ആക്രോശിക്കുകയുമായിരുന്നു. 

വീഡിയോ കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തു വിട്ടിട്ടുണ്ട്. തലവെട്ടുമെന്നാണ് ഖട്ടറിന്‍റെ തന്നെ അനുയായിയോട് അദ്ദേഹം പറയുന്നത്. അങ്ങനെയെങ്കില്‍ പൊതുജനങ്ങളോട് അദ്ദേഹം എങ്ങനെയായിരിക്കുമെന്നും പെരുമാറുകയെന്നും സുര്‍ജ്ജേവാല ട്വിറ്ററിലൂടെ ചോദിച്ചു. 

സംഭവം വിവാദമായതോടെ വിശദീകരണവുമായി ഖട്ടാര്‍ രംഗത്തെത്തി. 'ആരെങ്കിലും, പ്രത്യേകിച്ച് പാര്‍ട്ടി പവര്‍ത്തകര്‍ എന്‍റെ തലയില്‍ കിരീടം വെയ്ക്കാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും എനിക്ക് ദേഷ്യം വരും. അത്തരം കാര്യങ്ങളെ ഞാന്‍ പ്രോത്സാഹപ്പിക്കുകയുമില്ല.  അത്തരത്തിലുള്ള എല്ലാ രീതികളും അവസാനിപ്പിച്ചാണ് അധികാരത്തിലെത്തിയത്'. തന്‍റെ പ്രവര്‍ത്തിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മോശമായി കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ജന്‍ ആശീര്‍വാദ്' യാത്രയ്ക്കിടെ തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് സംഭവം. പ്രവര്‍ത്തകരില്‍ ഒരാള്‍ നല്‍കിയ മഴു പിടിച്ച്നില്‍ക്കവേയാണ് ഒരു അനുയായി അദ്ദേഹത്തിന്‍റെ തലയില്‍ കിരീടം ധരിപ്പിക്കാന്‍ ശ്രമിച്ചത്.