ദില്ലി: ഈ വർഷത്തെ അന്താരാഷ്ട്ര യോ​ഗ ദിനാചരണത്തിൽ പത്ത് മില്യൺ ജനങ്ങൾ സൂര്യനമസ്കാരം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി പ്രഹ്ളാദ് പ‍ട്ടേൽ. കൊവിഡ് മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങൾ വഴിയാണ് ജനങ്ങൾ യോ​ഗ ചെയ്യാൻ ഒരുമിക്കുന്നത്. ആദ്യമായിട്ടാണ് യോ​ഗദിനം ഡിജിറ്റലായി ആഘോഷിക്കുന്നത്. വീട്ടിലെ യോ​ഗ, കുടുംബത്തോടൊപ്പം എന്നാണ് പ്രധാനമന്ത്രി മോദിയുടെ ഈ വർഷത്തെ യോ​ഗ ദിന സന്ദേശം. അന്താരാഷ്ട്ര യോ​ഗദിനമായി ജൂൺ 21ന് രാവിലെ ഏഴ് മണിക്കാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ജനങ്ങൾ ഒത്തുചേരുന്നത്. 

'ഞാൻ പുരാന ഖിലയിൽ സൂര്യനമസ്കാരം ചെയ്യും. അവരവരുടെ വീടുകളിലിരുന്ന് എനിക്കൊപ്പം യോ​ഗ ചെയ്യാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലാ ദിവസവും യോ​ഗ ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ദൈനംദിന ജീവിതത്തിൽ യോ​ഗ ശീലമാക്കണം എന്നാണ് മോദി നമുക്ക് നൽകിയിരിക്കുന്ന യോ​ഗദിന സമ്മാനം. 'സാംസ്കാരിക വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സൂര്യനമസ്കാരം ചെയ്യുന്നതിന്റെ വീഡിയോ അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. 10മില്യൺ സൂര്യനമസ്കാരം, നമസ്തേ യോ​ഗ എന്നീ ഹാഷ്ടാ​ഗുകളും ഒപ്പം ചേർക്കണം. അന്തർദ്ദേശീയ യോ​ഗ ദിനത്തിൽ ഏകദേശം പത്ത് മില്യൺ ജനങ്ങൾ സൂര്യനമസ്കാരത്തിൽ ഒരുമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.