ദില്ലി: രണ്ടാം മോദി സര്‍ക്കാര്‍ 100 ദിനം പൂര്‍ത്തിയാക്കുന്ന വേളയില്‍ പരിഹാസവുമായി കോണ്‍ഗ്രസ്. സര്‍ക്കാറിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്ന മൂന്ന് മിനിറ്റ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. തൊഴിലില്ലായ്മ, സാമ്പത്തിക തകര്‍ച്ച, ആള്‍ക്കൂട്ട ആക്രമണം, കശ്മീര്‍ വിഷയം എന്നിവയാണ് വീഡിയോയിലെ പ്രധാന വിഷയങ്ങള്‍. ദുര്‍ഭരണം, അലങ്കോലം, അരാജകം എന്നീ മൂന്ന് വാക്കുകളില്‍ സര്‍ക്കാറിന്‍റെ 100 ദിവസത്തെ വിശേഷിപ്പിക്കാമെന്നും വീഡിയോയില്‍ പറയുന്നു.  

എട്ട് മേഖലകളിലെ സാമ്പത്തിക വളര്‍ച്ച എന്നത് വെറും രണ്ട് ശതമാനം മാത്രമാണ്. എന്നിട്ടും സാമ്പത്തിക രംഗം തകര്‍ച്ചയിലാണെന്ന് ധനമന്ത്രി സമ്മതിക്കുന്നില്ല. സര്‍ക്കാറിന്‍റെ പിടിപ്പുകേടുകൊണ്ട് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. സര്‍ക്കാറിനെ വിമര്‍ശിച്ച് ട്വീറ്റുകളുടെ പരമ്പര തന്നെ തൊടുത്തു. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരും വിമര്‍ശനവുമായി രംഗത്തെത്തി.