പുനെ: പുനെയിൽ  കനത്ത മഴയിലുണ്ടായ വിവിധ അപകടങ്ങളിൽ ഇതുവരെ പന്ത്രണ്ട് പേര്‍ മരിച്ചു. മഴയ്ക്ക് താൽക്കാലിക ശമനമായെങ്കിലും നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. മഴ നാശം വിതച്ച ബാരാമതി മേഖലയിൽ നിന്ന് പതിനയ്യായിരത്തി അഞ്ഞൂറ് പേരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി.

നൂറ്റിയമ്പതോളം വീടുകൾക്കാണ് കേടുപാട് പറ്റിയിരിക്കുന്നത്. നസാറെ ഡാമിൽ നിന്നും കൂടുതൽ വെള്ളം തുറന്നുവിടുന്നതിനാൽ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പൂനെയിലും ബാരാമതിയിലുമായി ദുരന്ത നിവാരണ സേനയുടെ ഏഴു യൂണിറ്റുകളെ വിന്യസിച്ചു എന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.

പൂനെയിൽ അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ കനത്ത മഴക്കുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.