മുംബൈ: ഫ്ലാറ്റ് കെട്ടിടത്തിന്റെ 18ാം നിലയിലെ ടെറസിലെ വാട്ടർടാങ്കിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ 13 കാരൻ മരിച്ചു. ചെരിപ്പഴിച്ചുവച്ച ശേഷമാണ് വിദ്യാർത്ഥി താഴേക്ക് ചാടിയത്. പ്രാഥമികാന്വേഷണത്തിൽ ആത്മഹത്യയാണെന്ന് വ്യക്തമായി. പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.

മുംബൈയിലെ വദലയിൽ ഭക്തിപാർക്കിലെ 18 നിലകളുള്ള ഫ്ലാറ്റ് കെട്ടിടത്തിലാണ് സംഭവം. 12ാം നിലയിൽ താമസിക്കുന്ന കുടുംബത്തിലെ അംഗമാണ് മരിച്ച 13 കാരൻ. മുംബൈ സ്റ്റോക് എക്സ്ചേഞ്ചിൽ ജോലി ചെയ്യുന്ന അച്ഛനും ബാങ്ക് ജീവനക്കാരിയായ അമ്മയും വീട്ടിലില്ലാതിരുന്ന സമയത്താണ് മകൻ ആത്മഹത്യ ചെയ്തത്.

കുട്ടി മുകളിലേക്ക് കയറിപ്പോകുമ്പോൾ 18ാം നിലയിൽ രണ്ട് പേർ ലിഫ്റ്റിന്റെ തകരാർ പരിഹരിക്കുന്നുണ്ടായിരുന്നു. ടെറസിൽ നടത്തിയ തെരച്ചിലിലാണ് വാട്ടർ ടാങ്കിന് സമീപത്ത് അഴിച്ചുവച്ച ചെരുപ്പ് കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കുട്ടിയുടേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് എത്തിയത്.