നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ട് ബൈക്ക് ഓടിച്ചിരുന്നയാള്‍ രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

ചണ്ഡിഗഡ്: മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നുകളയാൻ ശ്രമിച്ച മോഷ്ടാക്കളെ സധൈര്യം നേരിട്ട് 15 കാരി. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയിൽ നിന്നും ബൈക്കിലെത്തിയ രണ്ടുപേർ മൊബൈല്‍ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

കുസുംകുമാരി എന്ന പതിനഞ്ചുകാരിയാണ് മൊബൈല്‍ മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന കുട്ടിയുടെ സമീപത്തെത്തിയ ബൈക്ക് യാത്രികര്‍ ഫോണ്‍ തട്ടിയെടുക്കുന്നത് വീഡിയോയിൽ കാണാം. അപ്രതീക്ഷിത ആക്രമണത്തില്‍ പതറാതെ കുസുംകുമാരി മോഷ്ടാവിനെ ബൈക്കിന് പിന്നാലെയെത്തി ഓടിച്ചിട്ടു പിടിച്ചു. മോഷ്ടാവ് കുതറിയോടാന്‍ ശ്രമിച്ചുവെങ്കിലും പിടിവിടാതെ പെണ്‍കുട്ടി ചെറുത്തു. ഇതിനിടെ നാട്ടുകാരും ഓടിയെത്തി. 

നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ട് ബൈക്ക് ഓടിച്ചിരുന്നയാള്‍ രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ കുട്ടിയ്ക്ക് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുറിവേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂ​ഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് പെണ്‍കുട്ടിയുടെ ധീരതയെ പ്രശംസിച്ച് രംഗത്തെത്തുന്നത്.