ഹൈദരാബാദ്: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹ നിശ്ചയം നടത്തിയ ഹൈദരാബാദിലെ ഒരു കുടുംബത്തിലെ പതിനഞ്ച് പേര്‍ക്ക് കൊവിഡ്. വിവാഹ നിശ്ചയത്തിന് പിന്നാലെ വധുവിന്‍റെ മുത്തശ്ശന്‍ മരിച്ചിരുന്നു. ഇയാള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍  തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ മരിച്ചയാളുടെയും കുടുംബത്തിലെ മറ്റ് പതിനഞ്ച് പേരുടെയും ഫലം പൊസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. ചികിത്സക്കായി കുടുംബത്തെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് എത്തിയിരിക്കുകയാണ്. രോഗബാധ, മരണ നിരക്കുകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇതുവരെയുളളതില്‍  ഏറ്റവും ഉയര്‍ന്ന വര്‍ധനവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ  157 മരണം, 5242 രോഗബാധിതര്‍. പ്രതിദിന രോഗബാധ നിരക്ക് അയ്യായിരത്തിലേക്ക് കടക്കുമ്പോള്‍  രോഗബാധിതരുടെ എണ്ണം നാളയോടെ ഒരു ലക്ഷം കടന്നേക്കാമെന്നാണ് വിലയിരുത്തല്‍.

മൂന്നാം ഘട്ട ലോക്ക് ഡൗണിലേക്ക് കടന്നപ്പോള്‍ 39980 പേരായിരുന്നു രാജ്യത്തെ രോഗബാധിതര്‍. മരണ സംഖ്യ 1301. എന്നാല്‍ മൂന്നാംഘട്ടം അവസാനിച്ചപ്പോള്‍ പുറത്ത് വന്ന കണക്കനുസരിച്ച് രോഗബാധിതര്‍ 96169 ഉം മരണം 3029 ഉം ആയി. മരണ നിരക്കിലും, രോഗബാധിതരുടെ എണ്ണത്തിലും മൂന്നിരട്ടിയോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ കേസുകളുടെ 58.42 ശതമാനവും മൂന്നാംഘട്ടത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ 2347 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയാണ് കൊവിഡ് ബാധിത സംസ്ഥാനങ്ങളില്‍ ഒന്നാമത്.