വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷാപ്രവർത്തനം തുടരുന്നു

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അതിതീവ്ര മഴ സാരമായി ബാധിച്ചപ്പോൾ ഇവിടെയെത്തിയ നിരവധി വിനോദ സഞ്ചാരികളും കുടുങ്ങിക്കിടക്കുകയാണ്. അസം, സിക്കിം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വിനോദ സഞ്ചാരികൾ കുടുങ്ങിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ സിക്കിമിലെ ലാചുംഗിൽ കുടങ്ങിയ 1678 വിനോദസഞ്ചാരികളെ രക്ഷിച്ചെന്ന വാർത്ത പുറത്തുവന്നിട്ടുണ്ട്. ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 29 ന് ഉണ്ടായ കനത്ത മഴയെത്തുടർന്നാണ് വിനോദസഞ്ചാരികൾ ലാചുങ്ങിൽ കുടുങ്ങിയത്. ഇപ്പോഴും നിരവധി വിനോദസഞ്ചാരികൾ സിക്കിമിന്റെ പലയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.

അതേസമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ വൻനാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 33 പേർ മരിച്ചു. കഴിഞ്ഞ അഞ്ചുദിവസമായി അതിതീവ്ര മഴയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പെയ്യുന്നത്. മിന്നൽ പ്രളയവും മണ്ണിടിച്ചിലും കാരണം 33 പേർക്കാണ് ജീവൻ നഷ്ടമായത്. വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധിപേരെ കാണാതായി. അസമിൽ എട്ടും അരുണാചൽപ്രദേശിൽ ഒമ്പതും മിസോറാമിൽ അഞ്ചും മേഘാലയിൽ 6 മരണവും മഴക്കെടുതിയിൽ റിപ്പോർട്ട് ചെയ്തു.

വിവിധ സംസ്ഥാനങ്ങളിലായി 5 ലക്ഷത്തോളം ആളുകളെയാണ് മഴക്കെടുതി ബാധിച്ചത്. മിക്ക സംസ്ഥാനങ്ങളിലും താഴ്ന്ന പ്രദേശത്ത് ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. അസമിലെ 15 ലധികം ജില്ലകളിലായി 78,000 പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 10000 ത്തിലധികം പേർ ഇപ്പോഴും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. മണിപ്പൂരിൽ കനത്ത മഴയിൽ 883 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സിക്കിമിൽ പ്രധാന റോഡുകളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 1500 ലധികം വിനോദസഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്.

മഴക്കെടുതി ബാധിച്ച അസം, സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായും മണിപ്പൂർ ഗവർണറുമായും അമിത് ഷാ സംസാരിച്ചു. മഴക്കെടുതി രൂക്ഷമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ സൈന്യത്തിന്റെയും എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് സംഘങ്ങളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അരുണാചൽപ്രദേശിൽ വെള്ളപ്പൊക്കം മൂലം കുടുങ്ങിക്കിടന്ന 14 പേരെ വ്യോമസേന രക്ഷിച്ചു. ജൂൺ 5 വരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം