കാണ്‍പുര്‍: ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറയുന്നില്ല. കാൻപൂരിൽ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. നവംബ പതിനാറിനാണ് പെണ്‍കുട്ടിയെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയ ശേഷം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത്. മൂന്ന് ദിവസത്തിന് പെണ്‍കുട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. 

പെണ്‍കുട്ടിയുടെ അച്ഛന്‍റെ പരാതിയിൽ പൊലീസ് ബന്ധുക്കളായ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. ബലാത്സംഗക്കേസ് അന്വേഷിച്ചിരുന്ന സംഘം തന്നെ പെണ്‍കുട്ടിയുടെ ആത്മഹത്യയും അന്വേഷിക്കും എന്ന് കാണ്‍പുര്‍ എസ്‍പി അറിയിച്ചു. 

അതേസമയം പീഡനപരാതിയില്‍ പൊലീസ് നടപടി എടുക്കാതിരുന്ന മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. നവംബര്‍ 13-നാണ് പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ടു പോയത്. മൂന്ന് ദിവസം കഴിഞ്ഞ് നവംബര്‍ 16-നാണ് കുട്ടിയെ വീട്ടുകാര്‍ക്ക് തിരികെ കിട്ടുന്നത്. 

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തിട്ടും പക്ഷേ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. തട്ടിക്കൊണ്ടു പോയതിനും, ബലമായി വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചതിനുമായിരുന്നു പൊലീസ് കേസെടുത്തതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. വെള്ളിയാഴ്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്ത ശേഷം കാണ്‍പൂര്‍ പൊലീസ് മാനഭംഗത്തിനും കൂടി കേസെടുത്തിട്ടുണ്ട്. 

സണ്ണി, ലാല, റിങ്കു എന്നീ മൂന്ന് പേര്‍ ചേര്‍ന്നാണ് മോളെ തട്ടിക്കൊണ്ടു പോയത്. നവംബര്‍ മൂന്നിന് കാണാതായ അവളെ തിരികെ കിട്ടിയത് നവംബര്‍ 16-നാണ്. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും മാനഭംഗക്കേസ് ചുമത്തിയില്ല. പെണ്‍കുട്ടി ആത്മഹത്യ ചെയ്ത ശേഷം ശനിയാഴ്ചയാണ് രണ്ട് പേരെ പൊലീസ് പിടികൂടിയതും മാനഭംഗത്തിന് കേസെടുത്തതും - പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം പെണ്‍കുട്ടിയെ കാണാനില്ലെന്ന് പിതാവ് പരാതി തന്നപ്പോള്‍ തന്നെ തട്ടിക്കൊണ്ടു പോകലിന് കേസെടുത്തിരുന്നുവെന്ന് കാണ്‍പുര്‍ എസ്‍പി അനുരാഗ് വാത്ത് പറഞ്ഞു. നവംബര്‍ 16-ന് പെണ്‍കുട്ടി തിരികെയെത്തിയ ശേഷം മെഡിക്കല്‍ പരിശോധനകള്‍ നടത്തുകയും. മൊഴി രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വെള്ളിയാഴ്ച പെണ്‍കുട്ടി ബന്ധുവീട്ടില്‍ വച്ച് ആത്മഹത്യ ചെയ്തു - എസ്‍പി പറയുന്നു.