സൂറത്ത്: ആര്‍ട്സ് കോച്ചിങ് സെന്‍ററില്‍ തീപിടിച്ച് 16 പെണ്‍കുട്ടികളടക്കം 19 വിദ്യാര്‍ത്ഥികള്‍ പൊള്ളലേറ്റ് മരിച്ചു. സൂറത്തിലെ സര്‍ത്താനയിലാണ് വെള്ളിയാഴ്ച വൈകുന്നേരം ദാരുണ സംഭവമുണ്ടായത്. നിരവധി വിദ്യാര്‍ത്ഥികള്‍ തീപിടിച്ച കെട്ടിടത്തില്‍ താഴേക്ക് ചാടി രക്ഷപ്പെട്ടു. ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ മൂന്ന് പേര്‍ മരിച്ചു. മരിച്ചവരെല്ലാം 19 വയസ്സിന് താഴെയുള്ളവരാണെന്ന് അധികൃതര്‍ പറഞ്ഞു.  

കോച്ചിങ് സെന്‍ററിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഡിസൈന്‍ സ്റ്റുഡിയോയിലാണ് തീപിടുത്തമുണ്ടായത്. എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുട്ടികളുടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. അഗ്നിരക്ഷാ സേനയുടെ പക്കല്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. തീപിടുത്തം നടന്ന മൂന്നാം നിലയിലേക്ക് ജീവനക്കാര്‍ക്ക് എത്തിപ്പെടാന്‍ ആകെ ഒരു കോണി മാത്രമാണുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ട്യൂഷന്‍ സെന്‍റര്‍ അനധികൃതമയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുയര്‍ന്നു. താഴെ നിലയില്‍ പ്രവര്‍ത്തിക്കാന്‍ മാത്രമാണ് അനുമതിയുണ്ടായിരുന്നത്. രണ്ട് നിലകള്‍ അനധികൃതമായാണ് നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ട്യൂഷന്‍ സെന്‍ററുകളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയും ട്വിറ്ററിലൂടെ അനുശോചനമറിയിച്ചു. സംഭവത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും നഷ്ടം സംഭവിച്ചവര്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഉത്തരവിട്ടു.