കാർവാർ നേവൽ ബേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പാക് ചാര സംഘടനയ്ക്ക് കൈമാറിയ 2 കർണാടക സ്വദേശികളെ അറസ്റ്റ് ചെയ്‌തു
ബെംഗളൂരു: കാർവാർ നാവിക സേനാ ആസ്ഥാനത്തിന്‍റെ ഭാഗമായ കദംബ നേവൽ ബേസിന്‍റെ ചിത്രങ്ങൾ പാക് ചാരന്മാർക്ക് കൈമാറിയ കേസിൽ രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തു. കാർവാർ മുഡഗ സ്വദേശി വേടൻ തണ്ടേൽ, അങ്കോള സ്വദേശി അക്ഷയ് നായ്ക്ക് എന്നിവരെയാണ് എൻഐഎ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇരുവരും കാർവാർ നേവൽബേസിലെ താത്കാലിക ജീവനക്കാരായിരുന്നു.
നാവിക സേനാ ആസ്ഥാനത്തിന്‍റെ അകത്തെ ചിത്രങ്ങൾ പാക് ചാരൻമാർ കൈക്കലാക്കിയെന്ന വിവരം 2023-ലാണ് ഇന്ത്യൻ ഇന്‍റലിജൻസ് ഏജൻസികൾക്ക് ലഭിച്ചത്. 2024-ൽ ഇത് സംബന്ധിച്ച കേസ് അന്വേഷണം എൻഐഎ ഔദ്യോഗികമായി ഏറ്റെടുത്തു. കാർവാർ നാവിക സേനാ ആസ്ഥാനത്തെ ചില ഉദ്യോഗസ്ഥരെ അടക്കം അന്ന് എൻഐഎയുടെ ഹൈദരാബാദ് യൂണിറ്റ് ചോദ്യം ചെയ്തിരുന്നു.
ഇങ്ങനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിശദമായി പരിശോധിച്ചതിന് പിന്നാലെയാണ് ഇവിടെ മുൻപ് ജോലി ചെയ്തിരുന്ന രണ്ട് താത്കാലിക ജീവനക്കാരിലേക്ക് അന്വേഷണം എത്തിയത്. പെൺകുട്ടികളുടെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് ഇപ്പോൾ അറസ്റ്റിലായ രണ്ട് പേരെയും പാക് ചാരന്മാർ സമീപിച്ചത് എന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇരുവരെയും വിശദമായി ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും എൻഐഎ വ്യക്തമാക്കി.
