ദില്ലി: ചൈനുമായി അതിർത്തി തർക്കം നിലനിൽക്കെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ ടു പ്ലസ് ടു ചർച്ചയ്ക്ക് ഇന്ന് ദില്ലിയിൽ തുടക്കം. ഈ മാസം 27 വരെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച. ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, അമേരിക്കൻ പ്രതിരോധ സെക്രട്ടറി എന്നിവർ പങ്കെടുക്കും. 

ഇരുവരും പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി സംസാരിക്കും. ചർച്ചയിൽ ആഗോള മേഖല നിലപാടുകൾ, പ്രതിരോധം, നാവിക സഹകരണം, സാങ്കേതികവിദ്യ, തീവ്രവാദം ചെറുക്കല്‍ തുടങ്ങിയവ ചർച്ചയുടെ അജണ്ടയാണ്. കൊവിഡ് 19 വാക്‌സിന്‍ വികസനത്തിനുള്ള സഹകരണവും, ഐക്യരാഷ്ട്രസഭയില്‍ പങ്കാളിത്തം ശക്തിപ്പെടുത്തലും ചര്‍ച്ചയില്‍ വിഷയമാകും. 

കൂടാതെ അമേരിക്കൻ ഉപഗ്രഹനിരീക്ഷണ സംവിധാനം അടക്കം പ്രയോജനപ്പെടുത്താനുള്ള ബെക്ക കരാറിന് ചർച്ചയിൽ അന്തിമരൂപം നൽകും. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെയാണ് ചർച്ച നടക്കുന്നത്. 2018 സെപ്തംബര്‍ ആറിന് ദില്ലിയില്‍ വച്ചായിരുന്നു ആദ്യ ടു പ്ലസ് ടു ചര്‍ച്ച നടന്നത്. രണ്ടാം പതിപ്പ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വാഷിംഗ്ടണില്‍ നടന്നു.