തെരഞ്ഞെടുപ്പ് തര്‍ക്കത്തെ തുടര്‍ന്ന് സംഘടിച്ചെത്തിയ വണ്ണിയാര്‍ സമുദായക്കാര്‍ ഗ്രാമത്തിലെ ദളിത് വീടുകള്‍ ആക്രമിക്കുകയായിരുന്നു.  

ചിദംബരം: തമിഴ്നാട്ടില്‍ ദളിത് വിഭാഗങ്ങള്‍ക്കു നേരെ വീണ്ടും ആക്രമണം. അരിയലൂര്‍ ജില്ലയിലെ പൊന്‍പരപ്പിയിലാണ് ദളിത് വിഭാഗങ്ങളെ ആക്രമിച്ചത്. വണ്ണിയാര്‍ വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ 20 വീടുകള്‍ തകര്‍ന്നു. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിന് കാരണം. വിടുതലൈ ചിരുതൈഗള്‍ കച്ചി എന്ന പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ കുടം ഗ്രാമത്തിലെ യുവാക്കള്‍ എറിഞ്ഞുടച്ചു. തുടര്‍ന്നുണ്ടായ അടിപിടിയില്‍ വണ്ണിയാര്‍ വിഭാഗത്തിലെ മൂന്ന് യുവാക്കള്‍ക്ക് നിസാര പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ചെത്തിയ വണ്ണിയാര്‍ സമുദായക്കാര്‍ ഗ്രാമത്തിലെ ദളിത് വീടുകള്‍ ആക്രമിക്കുകയായിരുന്നു. ചിദംബരം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് പ്രദേശം. ഇരുവിഭാഗങ്ങള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് ഓഫിസര്‍ അറിയിച്ചു.