ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇന്നലെ ബെംഗളൂരു നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന റെയ്ഡിൽ പിടിയിലായത് ഇരുപതോളം പേർ. ഇവരിൽ നിന്നായി 25 കിലോ കഞ്ചാവടക്കം വിവിധ മയക്കുമരുന്നുകളും പിടികൂടി. ലഹരി മരുന്നുകൾ കണ്ടെത്താനായി വിദഗ്ദ്ധരായ സ്നിഫർ നായകളെ ഉപയോഗിച്ചുള്ള വ്യാപക പരിശോധന തുടരുകയാണ്. 

ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ചൂതാട്ട കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 27 പേർ ഇന്നലെ അറസ്റ്റിലായിട്ടുണ്ടെന്ന് ബെംഗളൂരു കമീഷണർ അറിയിച്ചു. അതേസമയം ബെംഗളൂരു മയക്കു മരുന്ന് കേസിൽ ഇന്ദ്രജിത് ലങ്കേഷ് വീണ്ടും ബെംഗളൂരു ക്രൈംബ്രാഞ്ചിന് മുൻപാകെ ഹാജരായി.

ലഹരിമാഫിയാ - സിനിമാ ബന്ധങ്ങളെ സംബന്ധിച്ച വിവരങ്ങൾ നൽകാനായാണ് ഇന്ദ്രജിത്ത് ലങ്കേഷ് ക്രൈംബ്രാഞ്ചിന് മുൻപാകെ എത്തിയത്. കഴിഞ്ഞ ദിവസവും ഇന്ദ്രജിത്ത് ലങ്കേഷിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ സഹോദരനും സിനിമാ നിർമാതാവുമാണ് ഇന്ദ്രജിത് ലങ്കേഷ്.