കൊല്‍ക്കത്ത: സൗത്ത് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ 21കാരി പ്രസവിച്ചത് ആശുപത്രി അധികൃതര്‍ക്കും പൊലീസിനും ചില്ലറ തലവേദനയൊന്നുമല്ല ഉണ്ടാക്കിയത്. യുവതി പ്രസവിച്ചതറിഞ്ഞ് മൂന്നുപേരാണ് 'അച്ഛനാണ്' എന്നവകാശപ്പെട്ട് കുഞ്ഞിനെയും അമ്മയെയും കാണാനെത്തിയത്. അതോടെ, ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിക്കുകയും ചെയ്തു. 

ശനിയാഴ്ചയാണ് യുവതിയെ പ്രസവവേദനയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയോടൊപ്പം ഭര്‍ത്താവാണെന്ന് പറഞ്ഞ് എത്തിയ യുവാവാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ആശുപത്രി രേഖകളില്‍ ഒപ്പിട്ടതും. ഞായറാഴ്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ മറ്റൊരു യുവാവ് ആശുപത്രിയിലെത്തി യുവതിയുടെ ഭര്‍ത്താവാണെന്നും കുഞ്ഞിന്‍റെ അച്ഛനാണെന്നും അവകാശപ്പെട്ടു. എന്നാല്‍, യുവതിയുടെ ഭര്‍ത്താവ് നേരത്തെ എത്തിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ പ്രശ്നം തുടങ്ങി. യുവാക്കള്‍ തമ്മില്‍ വാക്കേറ്റമായി. ഒടുവില്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിച്ചു. 

യുവാക്കളോട് തെളിവ് ഹാജരാക്കാന്‍ പറഞ്ഞപ്പോള്‍ രണ്ടാമത് എത്തിയ ആള്‍ മാത്രമാണ് വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. എന്നാല്‍, രണ്ടാമത് എത്തിയ ആളല്ല ഭര്‍ത്താവെന്ന് യുവതിയുടെ അമ്മ പറഞ്ഞതോടെ വീണ്ടും ആശയക്കുഴപ്പമായി. ഈ സമയമെല്ലാം യുവതി അബോധാവസ്ഥയിലായിരുന്നു. സത്യാവസ്ഥ അറിയാന്‍ യുവതിക്ക് ബോധം വരും വരെ പൊലീസും കാത്തിരുന്നു. യുവതിയുടെ മൊഴിയനുസരിച്ച് ആദ്യം വന്നയാളെയും രണ്ടാമത് വന്നയാളെയും പൊലീസ് വിളിപ്പിച്ചു. ഈ പ്രശ്നത്തില്‍ തലപുകഞ്ഞിരിക്കെയാണ് മറ്റൊരു ട്വിസ്റ്റ്. തിങ്കളാഴ്ച കുഞ്ഞ് തന്‍റേതാണെന്നും എന്നാല്‍ യുവതിയുടെ ഭര്‍ത്താവല്ലെന്നും അവകാശപ്പെട്ട് മറ്റൊരു യുവാവും ആശുപത്രിയിലെത്തി. ഇതോടെ ആശുപത്രി അധികൃതരും പൊലീസും കുഴങ്ങി. 

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ യുവാവാണ് തന്‍റെ ഭര്‍ത്താവും കുഞ്ഞിന്‍റെ അച്ഛനുമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഏപ്രിലിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തെ യുവാവിന്‍റെ വീട്ടുകാര്‍ അംഗീകരിച്ചില്ല. ഇരുവരും നേരത്തെ ബന്ധമുണ്ടായിരുന്നു. ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍, ഇപ്പോള്‍ സാധ്യമല്ലെന്നും സമയം വേണമെന്നും യുവാവ് പറഞ്ഞതോടെ യുവതി ബലാത്സംഗ പരാതി നല്‍കി. തുടര്‍ന്ന് ജയിലില്‍നിന്നിറങ്ങിയ ശേഷമാണ് യുവാവ് യുവതിയെ വിവാഹം കഴിച്ചത്. കുടുംബത്തിന്‍റെ എതിര്‍പ്പിനെ ഭയന്ന് ഇരുവരും വെവ്വേറെയാണ് താമസിക്കുന്നതെന്ന് യുവാവ് പറഞ്ഞു. യുവതിയുടെ വാട്സ് ആപ് സ്റ്റാറ്റസ് കണ്ടാണ് താന്‍ അച്ഛനായ കാര്യം അറിഞ്ഞതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.