ദില്ലി: പാര്‍ലമെന്റ്വര്‍ഷകാല സമ്മേളനം തുടങ്ങിയതിന് പിന്നാലെ 25 ലോക്സഭാ എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി എല്ലാ എംപിമാര്‍ക്കും നിര്‍ബന്ധിത കൊവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

മന്ത്രി സുരേഷ് അംഗാഡി, മീനാക്ഷി ലേഖി, ആനന്ദ് കുമാര്‍ ഹെഗ്‌ഡെ, പര്‍വേഷ് സാഹിബ് സിംഗ്, റീത്ത ബഹുഗുണ ജോഷി, കൗശല്‍ കിഷോര്‍ തുടങ്ങിയവര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 

കോണ്‍ഗ്രസിന്റെ ദീപേന്ദര്‍ സിംഗ് ഹൂഡ, നരന്‍ഭായ് ജെ രത്വ, ബിജെപിയുടെ അസോക് ഗസ്തി, അഭയ് ഭരദ്വാജ്, എഐഎഡിഎംകെയുടെ നവ്‌നീത കൃഷ്ണന്‍, ആംആദ്മിയുടെ സുശീല്‍ കുമാര്‍ ഗുപ്ത, ടിആര്‍എസിന്റെ വി ലക്ഷ്മികാന്ത റാവു എഐടിസിയുടെ ശാന്ത ഛെത്രി എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 

താന്‍ ആരോഗ്യവതിയാണെന്നും താനുമായി അടുത്തിടപഴകിയവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും മീനാക്ഷി ലേഖി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 13, 14 ദിവസങ്ങളിലായി പാര്‍ലമെന്റ് ഹൗസില്‍ വെച്ച് തന്നെയാണ് ലോക്സഭാ എംപിമാര്‍ക്ക് കൊവിഡ് പരിശോധന നടത്തിയത്.