മുംബൈ:  നവി മുംബൈയിലെ ഒഎൻജിസി പ്ലാന്റിലുണ്ടായ വൻതീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. രക്ഷാപ്രവർത്തനത്തിനെത്തിയ രണ്ട് സിഐഎസ്എഫ് ജവാന്മാരും പ്ലാന്റിലെ അഞ്ച് തൊഴിലാളികളുമാണ് മരിച്ചത്. മുംബൈ നഗരത്തിനടുത്തുള്ള ഉറൻ എന്ന പ്രദേശത്തെ ​ഗ്യാസ് പ്ലാന്റിൽ ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. സംഭവത്തിൽ എട്ട് പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. 
 
അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്ലാന്റിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പൊലീസ് സീൽ ചെയ്തിരുന്നു. പ്ലാന്റിൽ ഗ്യാസും എണ്ണയും കടത്തിവിടുന്ന കുഴലിലാണ് തീപിടുത്തമുണ്ടായതായാണ് ഒഎൻജിസി അധികൃതർ അറിയിച്ചിരുന്നത്. തീ നിയന്ത്രണ വിധേയമായെന്നും സംഭരണശാലയിലെ ഗ്യാസ് സുരക്ഷിതമായി മാറ്റിയെന്നും അധികൃതർ അറിയിച്ചു.  പ്രകൃതിദത്ത വാതകവും ക്രൂഡ് ഓയിലും ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ എറ്റവും വലിയ കമ്പനിയാണ് ഒഎൻജിസി.