ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ വെള്ളക്കെട്ടിൽ മുങ്ങി, സഹോദരങ്ങളടക്കം 3 പേർക്ക് ദാരുണാന്ത്യം
വിഗ്രങ്ങള്‍ ഇത്തരം കുഴികളിൽ നിമജ്ജനം ചെയ്യരുതെന്നും അപകടസാധ്യതയുണ്ടെന്നും പൊലീസ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ വെള്ളക്കെട്ടിൽ മുങ്ങി സഹോദരങ്ങളടക്കം മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഗാന്ധി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാനായി 5 പേരാണ് എത്തിയത്. ഇവരിൽ 3 പേർ വെള്ളക്കെട്ടിൽ മുങ്ങിത്താഴുകയായിരുന്നു.
സഹോദരങ്ങളായ അമൻ കൗശൽ (21), ആദർശ് കൗശൽ (19) എന്നിവരും, 19 കാരനായ അനീഷ് ശർമയുമാണ് മരിച്ചതെന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ അനിൽ യാദവ് പറഞ്ഞു. കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കള്‍ വെള്ളക്കെട്ടിൽ മുങ്ങിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. വിഗ്രങ്ങള്‍ ഇത്തരം കുഴികളിൽ നിമജ്ജനം ചെയ്യരുതെന്നും അപകടസാധ്യതയുണ്ടെന്നും പൊലീസ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ ഗണേശ വിഗ്രഹ നിമജ്ജന പരിപാടികളുമായി ബന്ധപ്പെട്ട് ഉണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ 19 പേർ മരിച്ചിരുന്നു. 14 പേർ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ വെള്ളത്തിൽ മുങ്ങിയാണ് മരിച്ചത്. പരിചയമില്ലാത്ത നദികളിലും വെള്ളക്കെട്ടുകളിലും കടലിലും ഗണേശവിഗ്രഹ നിമജ്ജനത്തിനെത്തുന്നവർ ജാഗ്രത പുലർത്താത്താണ് അപകടങ്ങള്‍ക്ക് കാരണം.
Read More : തോക്കെടുത്ത് മലയാളി; ഒരു വർഷം 6 ആക്രമണങ്ങൾ, കൊല്ലപ്പെട്ടത് 3 പേർ, എയർഗൺ ആക്രമണങ്ങള്‍ വർധിക്കുന്നു