അതേസമയം ഗുജറാത്തില്‍ മഴക്കെടുതിയില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും മാത്രമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചത് വിവാദത്തിന് വഴിവെച്ചു.
ദില്ലി: ഉത്തരേന്ത്യയിൽ കനത്ത കാറ്റിലും മഴയിലും പെട്ട് 31 പേർ മരിച്ചതായി റിപ്പോർട്ട്. മധ്യപ്രദേശില്‍ 16 പേരും രാജസ്ഥാനില്‍ ആറ് പേരും ഗുജറാത്തിൽ 9 പേരുമാണ് മരിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബിക്കടലില്‍ നിന്നും ഉണ്ടായ കാറ്റാണ് കനത്ത മഴക്ക് കാരണമായതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാജസ്ഥാനിലെ അജ്മേര്‍, കോട്ട അടക്കമുള്ള പ്രദേശങ്ങളിൽ കനത്ത മഴയും കൊടുങ്കാറ്റും അനുഭവപ്പെട്ടു. രാജസ്ഥാന്‍റെ പടിഞ്ഞാറന്‍ മേഖലയിലെ വിവിധ ഭാഗങ്ങളിലും കാറ്റില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കുന്ന സബര്‍കാന്തയിലെ സ്റ്റേജിന്‍റെ ഒരുഭാഗവും കാറ്റില്‍ തകര്‍ന്നു. മണിപൂരിലും മൂന്ന് പേര്‍ മരിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
അതേസമയം ഗുജറാത്തില്‍ മഴക്കെടുതിയില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും മാത്രമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചത് വിവാദത്തിന് വഴിവെച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയുമാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എന്നാല്‍ മോദി ഗുജറാത്തിന്‍റെയാണോ ഇന്ത്യയുടെയാണോ പ്രധാനമന്ത്രിയെന്ന് വ്യക്തമാക്കണമെന്ന വിമര്‍ശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രംഗത്തെത്തി.
വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ രാജസ്ഥാന്‍, മധ്യപ്രദേശ്, മണിപൂര്‍ എന്നിവിടങ്ങളില്‍ കൂടി പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയോട് എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍ അറിയിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ പറഞ്ഞു.
