മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിൽ നിർമ്മാണത്തിലിരുന്ന യശ്‌വാടി ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്ന് വീണ് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

മുംബൈ : മഹാരാഷ്ട്രയിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. പർഭാനി ജില്ലയിലുള്ള യശ്‌വാടി ക്ഷേത്രത്തിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ ശ്രീകോവിലിന് മുൻവശത്തെ മേൽക്കൂര തകർന്ന് വീണാണ് അപകടമുണ്ടായത്. ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവമുണ്ടായത്. മേൽക്കൂര തകർന്നതിനെ തുടർന്ന് 27 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയതായി എം.എൽ.എ രാജേഷ് വിടേക്കർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടത്തിൽ നാല് പേർ മരണപ്പെടുകയും മൂന്ന് പേർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമാണ്. ബാക്കിയുള്ള ഇരുപത് പേരെ ആർ.പി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ എല്ലാവരെയും പുറത്തെടുത്തതായി സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നത്. പണിക്കായി ഉപയോഗിച്ച കല്ലുകൾ രാജസ്ഥാനിൽ നിന്ന് എത്തിച്ചവയാണ്. നിർമാണം പൂർത്തിയാകാനിരിക്കെയാണ് അപകടം. എന്നാൽ സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല," വിടേക്കർ പറഞ്ഞു.

നിർമ്മാണത്തിലിരുന്ന തൂൺ സുരക്ഷിതമായി ഉറപ്പിക്കുന്നതിൽ ഉണ്ടായ വീഴ്ചയാകാം സഭാമണ്ഡപം പെട്ടെന്ന് തകർന്നു വീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പർഭാനി ജില്ലയിലെ ഏറ്റവും പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ക്ഷേത്രത്തിൽ എല്ലാ ശനിയാഴ്ചകളിലും 25,000 മുതൽ 50,000 വരെ ഭക്തർ എത്താറുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 3.30 ഓടെയാണ് ക്ഷേത്രത്തിലെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണത്. പൊലീസും ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.