ദില്ലി: ഇന്ത്യയിൽ 41331 പാക് പൗരന്മാർ ദീർഘകാല വിസയിൽ താമസിക്കുന്നുണ്ടെന്ന് ലോക്സഭയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി. അഫ്‌ഗാനിസ്ഥാൻ പൗരന്മാരായ 4193 പേരും ദീർഘകാല അടിസ്ഥാനത്തിൽ താമസിക്കുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. ലോകസഭയിൽ ഒരു ചോദ്യത്തിന് എഴുതി തയ്യാറാക്കിയ മറുപടിയിലാണ് കേന്ദ്ര സഹമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പാക്കിസ്ഥാനിലെയും അഫ്‌ഗാനിസ്ഥാനിലെയും ആറ് ന്യൂനപക്ഷ മതവിഭാഗക്കാർ അനുഭവിക്കുന്ന കഷ്ടതകൾ പരിഗണിച്ച്, ഇവർക്ക് ദീർഘകാല താമസ വിസ അനുവദിക്കുന്നതിന് 2014 മുതൽ ഓൺലൈൻ സംവിധാനം വികസിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഇന്ത്യയിൽ ദീർഘകാല വിസയിൽ താമസിക്കുന്ന 41331 പാക്കിസ്ഥാൻ പൗരന്മാരും 4193 അഫ്‌ഗാനിസ്ഥാൻ പൗരന്മാരും, ഈ രാജ്യങ്ങളിലെ ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ടവരാണെന്നും മന്ത്രി ലോക്സഭയിൽ പറഞ്ഞു. 2018 ഡിസംബർ 31 വരെയുള്ള കണക്കാണിതെന്നും മന്ത്രി വിശദീകരിച്ചു.