ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും പെട്ട് കാണാതായ 43 പേരെ കണ്ടെത്തുന്നതിൽ വില്ലനായി മഴ

ദില്ലി: ഉത്തരാഖണ്ഡിലെ ധരാലിയിലുണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും 43 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇതിൽ 9 പേർ സൈനികരാണ്. എട്ട് പേർ ധരാലി ഗ്രാമത്തിൽ നിന്നുള്ളവരാണ്. അഞ്ച് പേർ സമീപ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരുമാണ്. ഇവരെ കൂടാതെ കാണാതായ 29 നേപ്പാൾ സ്വദേശികളായ തൊഴിലാളികളിൽ അഞ്ച് പേരെ കണ്ടെത്തി. ബാക്കിയുള്ള 24 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഉത്തരാഖണ്ഡിൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് ധരാലിയിൽ വ്യോമ മാർഗ്ഗമുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. 

ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ മുന്നറിയിപ്പും നൽകി. ഇതുവരെ ദുരന്തഭൂമിയിൽ നിന്ന് 1038 പേരെയാണ് രക്ഷപ്പെടുത്തിയത്.

മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഉപയോഗിക്കുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാറടക്കം ഉപയോഗിച്ചാണ് മേഖലയിൽ തെരച്ചിൽ നടക്കുന്നത്. ചളിയായി ആകെ കുഴഞ്ഞുകിടക്കുന്ന മണ്ണിനടിയിൽ നിന്ന് അവശേഷിക്കുന്നവരെ കണ്ടെത്തുക ഏറെ ശ്രമകരമാണ്. ഇതിനിടെയാണ് ശക്തമായ മഴയും വരുന്നത്. അപകടത്തിൽപെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ആശ്വാസ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നാളെ മുതൽ മൂന്ന് ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിനാൽ ഇനിയൊരു ദുരന്തമുണ്ടാകരുതെന്ന പ്രാർത്ഥനയിലാണ് നാട്ടുകാർ.

YouTube video player