ശിക്ഷയായി സിറ്റ് അപ്പ് ചെയ്യാൻ അധ്യാപിക നിർബന്ധിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഭോപ്പാൽ: സ്കൂളിൽ അധ്യാപിക ശിക്ഷയായി സിറ്റപ്പ് ചെയ്യാൻ നി‍ര്‍ദേശിച്ച നാലാം ക്ലാസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. ജാജ്പൂർ ജില്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ പത്ത് വയസുകാരൻ രുദ്ര നാരായൺ സേത്തിയാണ് മരിച്ചത്. സൂര്യ നാരായൺ നോഡൽ അപ്പർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ശിക്ഷയായി സിറ്റ് അപ്പ് ചെയ്യാൻ അധ്യാപിക നിർബന്ധിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച അവനും മറ്റ് ഏഴ് വിദ്യാർത്ഥികളും സ്കൂളിൽ പുസ്തകങ്ങൾ കൊണ്ടുവരാൻ മറന്നിരുന്നു. തുട‍ര്‍ന്ന് അധ്യാപികയായ ജ്യോതിര്‍മയി പാണ്ടെ ശിക്ഷയായി വിദ്യാര്‍ത്ഥികളോട് സിറ്റ് അപ്പ് ചെയ്യാൻ നിര്‍ദേശിച്ചു. കുറച്ചുനേരം സിറ്റ് അപ്പ് എടുത്തതോടെ രുദ്ര നാരായണൻ കുഴഞ്ഞുവീണു. ഉടൻ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു. തുട‍ര്‍ന്ന് ഡോക്ട‍ര്‍ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് റഫ‍ര്‍ ചെയ്തു. എസ്സിബി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് പ്രമീള പാണ്ടെ പറഞ്ഞു. 

Read more: സ്കൂൾവിട്ട് വരുമ്പോൾ അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം ഉയർന്നു; ഒഴുക്കിൽപെട്ട ഹെലന്റെ മൃതദേഹം കിട്ടി

ബുധനാഴ്ച അഡീഷണൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പ്രവരഞ്ജൻ പതി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്‌കൂളിലെത്തിയിരുന്നു. റിപ്പോർട്ട് ഉടൻ ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്ന് ജാജ്പൂർ ജില്ലാ കളക്ടർ ചക്രവർത്തി സിംഗ് റാത്തോഡും പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോ‍ര്‍ട്ട് ചെയ്യുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം