ദില്ലി: നാലാംഘട്ട ലോക്ക് ഡൗണിന്‍റെ ഭാഗമായുള്ള പുതുക്കിയ മാര്‍ഗരേഖ ഇന്നോ നാളെയോ പ്രഖ്യാപിക്കും. കൂടുതൽ ഇളവുകൾ നാലാം ഘട്ടത്തിൽ ഉണ്ടാകുമെന്നാണ് സൂചന. ബസ്, വിമാന സര്‍വീസുകൾക്ക് അനുമതി നൽകിയേക്കും. തീവ്രമേഖലകൾ തീരുമാനിക്കാനുളള അവകാശം സംസ്ഥാനങ്ങൾക്ക് നൽകാനിടയുണ്ട്. ഓൺലൈൻ വ്യാപാരങ്ങൾക്കും അനുമതി നൽകുമെന്നാണ് സൂചന. എല്ലാ മേഖലകളും തുറക്കണമെന്നാണ് ദില്ലി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

അതേസമയം മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങൾ ലോക്ക് ഡൗണ്‍ ഈമാസം അവസാനം വരെ നീട്ടണമെന്ന നിലപാടിലാണ്. നാളെയാണ് മൂന്നാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്. 

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81000 പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 2649 പേര്‍ മരിച്ചു. 27920 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 100 പേരാണ്. മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 29,000 കടന്നു. ഗുജറാത്തും തമിഴ്‌നാടും ദില്ലിയുമാണ് കൊവിഡ് കൂടുതല്‍ നാശം വിതച്ച മറ്റ് സംസ്ഥാനങ്ങള്‍. മുംബൈ, അഹമ്മദാബാദ് നഗരങ്ങളെയാണ് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത്.