ദില്ലി: രാജ്യത്തെ രണ്ടിലൊന്ന് പൊലീസുകാരും മുസ്ലിംകൾ കുറ്റകൃത്യ വാസനയുള്ളവരാണെന്ന് വിശ്വസിക്കുന്നുവെന്ന് സ്റ്റാറ്റസ് ഓഫ് പൊലീസിംഗ് ഇൻ ഇന്ത്യ 2019 റിപ്പോർട്ട്. സെന്‍റർ ഫോർ ദി സ്റ്റഡി ഓഫ് ഡവലപിംഗ് സൊസൈറ്റീസിന്‍റെ ലോക്‌നീതി പ്രോഗ്രാമും കോമൺകോസ് എന്ന സർക്കാരിതര സംഘടനയും സംയുക്തമായി പൊലീസിന്‍റെ കാര്യക്ഷമതയും തൊഴിൽ സാഹചര്യങ്ങളെയും കുറിച്ച് നടത്തിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തെ മുസ്ലിം വിഭാഗം സ്വാഭാവിക കുറ്റകൃത്യ വാസനയുള്ളവരാണെന്നും ഭൂരിപക്ഷം പൊലീസ് ജീവനക്കാരും വിശ്വസിക്കുന്നു. മറിച്ച് ചിന്തിക്കുന്നവര്‍ വിരളം.  

മറ്റ് വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്ലിംകളാണ് ക്രിമിനല്‍ കേസുകളില്‍ കൂടുതലും പ്രതികളെന്നാണ് പൊലീസുകാര്‍ പറയുന്ന കാരണം. ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ പൊലീസ്, ദലിത് വിഭാഗങ്ങളും കുറ്റവാസന കൂടുതലുള്ളവരാണെന്ന് വിശ്വസിക്കുന്നു. ഇന്ത്യയിലെ ഉന്നത ജാതിക്കാര്‍ കുറ്റം ചെയ്യുന്നത് കുറവാണെന്നാണ് 51 ശതമാനം പൊലീസുകാരും വിശ്വസിക്കുന്നത്. മുസ്ലിം, ദലിത്, ആദിവാസി വിഭാഗങ്ങളിലാണ് കുറ്റവാസന കൂടുതലുള്ളതെന്നും മിക്ക സംസ്ഥാനങ്ങളിലെ പൊലീസുകാരും പറയുന്നു. മുൻ സുപ്രീം കോടതി ജഡ്‌ജി റിട്ട ജസ്റ്റിസ് ജെ ചെലമേശ്വർ ആണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. 

'ഗോവധം, ബലാത്സംഗം കേസുകളിലെ പ്രതികളെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നതില്‍ തെറ്റില്ല'

സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം പൊലീസുകാരും ബലാത്സംഗ കുറ്റം ആരോപിക്കപ്പെടുന്നയാളെ ആൾക്കൂട്ടം ആക്രമിക്കുന്നതിൽ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടു.  35 ശതമാനം പൊലീസുകാർ ഗോവധം ആരോപിക്കപ്പെടുന്നയാളെ ആൾക്കൂട്ടം ആക്രമിക്കുന്നതിൽ തെറ്റില്ലെന്ന അഭിപ്രായമാണ് പങ്കുവച്ചതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ 21 സംസ്ഥാനങ്ങളിലായി 12000 പോലീസുകാരെയും,11000 ത്തോളം പൊലീസുകാരുടെ കുടുംബാംഗങ്ങളെയും കണ്ടാണ് സർവേ നടത്തിയത്. സർവ്വേയിൽ പങ്കെടുത്ത 37 ശതമാനം പൊലീസുകാരുടെയും അഭിപ്രായം, ചെറു കുറ്റകൃത്യങ്ങളിൽ നിയമപരമായ നടപടികൾ ആവശ്യമില്ലെന്നും പൊലീസ് തന്നെ ചെറുശിക്ഷകൾ നൽകണമെന്നുമാണ്.

സ്വാധീനം ചെലുത്താൻ ശേഷിയുള്ള വ്യക്തികൾക്കെതിരായ അന്വേഷണങ്ങളിൽ രാഷ്ട്രീയ സമ്മർദ്ദം അനുഭവിക്കുന്നതായി 72 ശതമാനം പൊലീസുകാരും സർവേയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആത്മാർപ്പണത്തോടെ പ്രവർത്തിക്കുന്ന ഒരു പൊലീസ് ഓഫീസർ വിചാരിച്ചാൽ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്ന് റിട്ട ജസ്റ്റിസ് ജെ ചെലമേശ്വർ പറഞ്ഞു. തന്‍റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവച്ചാണ് അദ്ദേഹം സംസാരിച്ചത്.

ശിക്ഷാ നിയമങ്ങളെ കുറിച്ച് ആറ് മാസത്തെ പരിശീലനം മാത്രമാണ് രാജ്യത്തെ പൊലീസുകാർക്ക് നൽകുന്നതെന്നും ഇത് പര്യാപ്തമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ശിക്ഷയെന്ന നിലയിൽ ഒരാളെ നീരസപ്പെടുത്താൻ സ്ഥലംമാറ്റം നൽകുന്നത് പ്രശ്നമാണെന്നും ഭരണഘടനാ പദവി വഹിക്കുന്ന ജഡ്‌ജിമാർക്ക് പോലും ഇത്തരം സ്ഥലംമാറ്റങ്ങളിൽ നിന്ന് മോചനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍