ദില്ലി: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ഉപേക്ഷിക്കുന്നവര്‍ക്ക് ആറുമാസം വരെ തടവു ശിക്ഷയോ 10,000 രൂപ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിക്കാം. ഇവര്‍ക്ക് നേരെയുള്ള മാനസികവും ശാരീരികവുമായ ഉപദ്രവം എന്നിവ ശിക്ഷാര്‍ഹമാക്കും. 

വസ്ത്രം, ഭവനം, ആരോഗ്യപരിചരണം, സുരക്ഷ, ഭക്ഷണം എന്നിവ ലഭ്യമാക്കേണ്ട ചുമതല സംരക്ഷകര്‍ക്കാണ്. ഇവ പാലിക്കാത്ത മക്കള്‍, കൊച്ചുമക്കള്‍, മരുമക്കള്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന ട്രൈബ്യൂണലുകള്‍ക്കെതിരെ പരാതി നല്‍കാം. പരാതി 90 ദിവസത്തിനകം തന്നെ തീര്‍പ്പാക്കണം. 80 വയസ്സിന് മുകളിലാണെങ്കില്‍ 60 ദിവസത്തിനുള്ളില്‍ പരാതി തീര്‍പ്പാക്കണം. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കാന്‍ ഓരോ പൊലീസ് സ്റ്റേഷനിലും അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് 3 മാസം തടവും 5000 രൂപ പിഴയും എന്ന 2007-ലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്യുന്നത്.