സഞ്ജുവിന്റെ കരച്ചിൽ കേട്ടാണ് അമ്മ വീട്ടിൽനിന്ന് പുറത്തുവന്നത്. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽനിന്ന് മകനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവർ പരാജയപ്പെടുകയായിരുന്നു.

ഭോപ്പാൽ: അമ്മയുടെ മുന്നിൽവച്ച് ആറ് വയസുക്കാരനെ തെരുവ് നായ്ക്കൾ കടിച്ച് കീറി കൊന്നു. ആറോളം തെരുവ് നായ്ക്കൾ ചേർന്നാണ് സഞ്ജു എന്ന ആറ് വയസുക്കാരനെ കടിച്ചു കീറി കൊന്നത്. ഭോപ്പാലിലെ അവദ്പൂരിയിൽ വെള്ളിയാഴ്ചയാണ് സംഭവം. 

വീടിന് മുന്നിലെ ​ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു സ‍ഞ്ജു. പെട്ടെന്നാണ് ആറോളം തെരുവ് നായ്ക്കൾ സഞ്ജുവിനെ ആക്രമിക്കാനെത്തിയത്. സഞ്ജുവിന്റെ കരച്ചിൽ കേട്ടാണ് അമ്മ വീട്ടിൽനിന്ന് പുറത്തുവന്നത്. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽനിന്ന് മകനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവർ പരാജയപ്പെടുകയായിരുന്നു. രണ്ടാമത്തെ പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്നു അവർ. 

പിന്നീട് അയൽക്കാരെ വിളിച്ച് കൂട്ടുകയും മകനെ രക്ഷപ്പെടുത്താൻ അപേക്ഷിക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് കുട്ടിയെ രക്ഷിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ന​ഗരസഭക്കെതിരെ ജനങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു. തെരുവ് നായ്ക്കളുടെ വർദ്ധനയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ ന​ഗരസഭ പരാജയപ്പെട്ടെന്ന് കാണിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.