മുംബൈ: മുംബൈയിലെ ഡോംഗ്രിയിൽ നാലുനില കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം ഏഴായി. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമായി തുടരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തെരച്ചിൽ തുടരുകയാണ്. കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ അന്വേഷണം തുടങ്ങിയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വ്യക്തമാക്കി. 

സൗത്ത് മുംബൈയിലെ ഡോംഗ്രിയിൽ പതിനഞ്ചോളം കുടുംബങ്ങൾ താമസിച്ചിരുന്ന നാലുനില കെട്ടിടമാണ് തകർന്ന് വീണത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ദുരന്ത നിവാരണ സേന ഉടൻ സംഭവ സ്ഥലത്തെത്തി. സ്ത്രീകളും കുട്ടികളും അടക്കം ഇരുപത് പേരെ രക്ഷപ്പെടുത്തി.

ഒഴിഞ്ഞുപോകാൻ ബിഎംസി അധികൃതർ നോട്ടീസ് നൽകിയിരുന്നുവെങ്കിലും താമസക്കാർ ഇത് അനുസരിക്കാതിരുന്നതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്. നൂറ് വർഷം പഴക്കമുള്ള കെട്ടിടത്തിൻ്റെ കാലപ്പഴക്കമാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നും കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവ് നൽകിയിരുന്നുവെന്നും മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.