ദില്ലി: ഏഴ് ഇന്ത്യന്‍ പൗരന്മാരെ ലിബിയയില്‍ തട്ടിക്കൊണ്ടുപോയി. സെപ്റ്റംബര്‍ 14നാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നും മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍ സ്വദേശികളെയാണ് തട്ടിക്കൊണ്ടുപോയത്. ഇവര്‍ പെട്രോളിയം മേഖലയിലും നിര്‍മ്മാണ മേഖലയിലും ജോലി ചെയ്യുന്നവരാണ്.

ഇന്ത്യയിലേക്ക് തിരിച്ചുപോരാന്‍ ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയെ അശ്വാരിഫ് എന്ന സ്ഥലത്തുനിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.  ലിബിയന്‍ സര്‍ക്കാറിനെയും ചില അന്താരാഷ്ട്ര സംഘടനകളെയും ഇന്ത്യന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ടു. എല്ലാവരും സുരക്ഷിതരാണെന്നും രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

2015ലും സമാനസംഭവമുണ്ടായിരുന്നു. അന്ന് 39 ഇന്ത്യന്‍ തൊഴിലാളികളെ ഐഎസ് തട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയച്ചു.