ചെന്നൈ: വെറും ഒരു രൂപയ്ക്ക് ഇഡ്ഢലി വില്‍ക്കുന്ന വടിവേലംപാളയത്തെ കമലത്താളിനെ ആരും മറന്നുകാണില്ല. കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഈ എണ്‍പതുകാരി മുത്തശ്ശിയുടെ നന്മമനസ്സാണ് ചര്‍ച്ച. വാര്‍ത്തകളും വീഡിയോകളും പുറത്തെത്തിയതോടെ, കഴിഞ്ഞ മുപ്പതുവര്‍ഷമായി കഷ്ടപ്പെട്ടുണ്ടാക്കുന്ന ഇഡ്ഢലി വെറും ഒരു രൂപയ്ക്ക് ആളുകള്‍ക്ക് നിറഞ്ഞ മനസ്സോടെ നല്‍കുന്ന ഈ അമ്മയ്ക്ക് സഹായവുമായി നിരവധി പേരാണ് എത്തിയത്. 

മഹിന്ദ്ര ഗൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹിന്ദ്ര കമലത്താളിന്‍റെ വീഡിയോ ഷെയര്‍ ചെയ്ത് അവര്‍ക്ക് സഹായം വാഗ്ദാനം ചെയ്തു. ''ആര്‍ക്കെങ്കിലും അവരെ അറിയുമെങ്കില്‍ പറയൂ, അവരുടെ ബിസിനസില്‍ സഹായിക്കാന്‍ എനിക്ക് താത്പര്യമുണ്ട്. എല്‍പിജി സ്റ്റൗ വാങ്ങി നല്‍കാം'' - അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു. 

സഹായ വാഗ്ദാനങ്ങളുടെ പ്രളയമാണ് ഇപ്പോള്‍ കമലത്താളിന്. ഇതിനിടെ കോയമ്പത്തൂരിലെ ഭാരത് ഗ്യാസ്, ഗ്യാസ് സ്റ്റൗ സമ്മാനിച്ചു. ഇന്ധനത്തിനുള്ള പണം നല്‍കാമെന്ന് ഭാരത് ഗ്യാസിന്‍റെ ട്വീറ്റ് ഷെയര്‍ ചെയ്ത് ആനന്ദ് മഹിന്ദ്ര വീണ്ടും വ്യക്തമാക്കി. താന്‍ നല്‍കുന്ന ആഹാരത്തെക്കുറിച്ച് നല്ലതുപറയുന്നതാണ് തനിക്ക് ലഭിക്കുന്ന വലിയ അംഗീകാരമെന്നാണ് എല്ലാത്തിനും മറുപടിയായി കമലത്താളിന് പറയാനുള്ളത്. 

രാവിലെ സൂര്യനുദിക്കും മുമ്പ് ഉണരുന്ന കമലത്താള്‍ നേരെ പോകുന്നത് മകനൊപ്പം നല്ല ശുദ്ധമായ പച്ചക്കറിയെടുക്കാനാണ്. തേങ്ങയും മറ്റും  അമ്മിയിലും ആട്ടുകല്ലിലുമായി അറച്ചെടുക്കും. സാമ്പാറിനുള്ള കൂട്ടുകള്‍ തയ്യാറാക്കും. തലേന്ന് അരച്ചുവച്ച മാവെടുത്ത് ഇഡ്ഢലി ഉണ്ടാക്കും. ഒപ്പം വിളമ്പാന്‍ സാമ്പാറും അപ്പോഴേക്കും റെഡിയാകും. ദിവസവും ആയിരം ഇഡ്ഢലിവരെ ഉണ്ടാക്കുന്നുണ്ട് കമലത്താള്‍. 

രാവിലെ ആറുമുതല്‍ വടിവേലപ്പാളയത്തെ കമലത്താളിന്‍റെ താമസസ്ഥലത്ത് തിരക്കുതുടങ്ങും. വീട്ടില്‍വച്ചുതന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നതും നല്‍കുന്നതുമെല്ലാം. ആവശ്യക്കാര്‍ ക്ഷമയോടെ വരിനില്‍ക്കും. ഭക്ഷണം മതിയാവോളം കഴിക്കും. വയറും മനസ്സും നിറഞ്ഞ് മടങ്ങും. എല്ലാവരെയും നിറപുഞ്ചിരിയോടെ വരവേല്‍ക്കുകയും മടക്കിയയക്കുകയും ചെയ്യും കമലാത്താള്‍. 

Read Also: 30 വര്‍ഷമായി ഇഡ്ഢലി വില്‍ക്കുന്നു, വില ഒരുരൂപമാത്രം, വിശക്കുന്നവര്‍ കഴിക്കട്ടേ എന്ന് കമലത്താള്‍

10 വര്‍ഷം മുമ്പ് 50 പൈസയായിരുന്നു ഒരു ഇഡ്ഢലിയുടെ വില. പിന്നീടത് ഒരു രൂപയാക്കുകയായിരുന്നു. ഇനിയും വിലകൂട്ടാന്‍ ആവശ്യപ്പെട്ടാല്‍ മുത്തശ്ശി അതുതന്നെ ആവര്‍ത്തിക്കും 'പാവങ്ങളല്ലേ' എന്ന്. ലാഭമുണ്ടാക്കുകയല്ല ആളുകളുടെ വിശപ്പുശമിക്കുകയാണ്  തന്‍റെ ലക്ഷ്യമെന്നും  ഈ മുത്തശ്ശി പറയുന്നു. 

200 രൂപവരെയാണ് കമലത്താളിന് ഒരു ദിവസം ലഭിക്കുന്ന ലാഭം. ഭാവിയിലും ഇഡ്ഢലിയുടെ വിലകൂട്ടാന്‍ ഉദ്ദേശിച്ചിട്ടില്ല മുത്തശ്ശി. ആളുകള്‍ ആവശ്യപ്പെട്ട് ഉഴുന്നുവട കൂടി ഇഡ്ഢലിക്കൊപ്പം നല്‍കുന്നുണ്ടിപ്പോള്‍. ഇതിന് 2.50 രൂപയാണ് വില. ''മക്കളും കൊച്ചുമക്കളും ഇത് നിര്‍ത്താനും ആരോഗ്യം ശ്രദ്ധിക്കാനും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ആളുകള്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതാണ് എന്‍റെ സന്തോഷം. അതെനിക്ക് അവസാനിപിപ്കാകാനാവില്ല'' എന്നും പറഞ്ഞുവയ്ക്കുന്നു ഈ 'ഇഡ്ഢലി മുത്തശ്ശി'.