Asianet News MalayalamAsianet News Malayalam

മധ്യപ്രദേശില്‍ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം വിശ്വാസികള്‍ക്കും കൊവിഡ്

ഹരിദ്വാറിലെ കുംഭമേള കൊവിഡ് സൂപ്പര്‍ സ്പ്രെഡര്‍ ആവുമെന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശങ്ക ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശില്‍ തിരികെയെത്തിയ 61 വിശ്വാസികളില്‍ 60 പേരും കൊവിഡ് പോസിറ്റീവായി. 

99 per cent of Kumbh returnees from Haridwar has tested positive for the coronavirus in Madhya Pradesh
Author
Bhopal, First Published May 3, 2021, 2:14 PM IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്ന് കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം ആളുകളും കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഹരിദ്വാറില്‍ നിന്ന് തിരികെയെത്തിയ കുംഭമേളയില്‍ പങ്കെടുത്തവരില്‍ 99 ശതമാനം പേരിലും രോഗം കണ്ടെത്തിയെന്നാണ് ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട്.

ഹരിദ്വാറിലെ കുംഭമേള കൊവിഡ് സൂപ്പര്‍ സ്പ്രെഡര്‍ ആവുമെന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശങ്ക ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശില്‍ തിരികെയെത്തിയ 61 വിശ്വാസികളില്‍ 60 പേരും കൊവിഡ് പോസിറ്റീവായി. കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ പലരേയും കണ്ടെത്താനായിട്ടില്ലെന്നും ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ കണ്ടെത്താന്‍ ആയാല്‍ മാത്രമേ ആകെ എണ്ണം വ്യക്തമാകൂവെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. വിവിധ സംസ്ഥാനങ്ങളിലും കുംഭമേളയില്‍ പങ്കെടുത്ത വിശ്വാസികള്‍ കൊവിഡ് പോസിറ്റീവാകുന്ന സാഹചര്യമാണുള്ളത്.

കുഭമേളയില്‍ നിന്ന് മടങ്ങിയെത്തിയ വിശ്വാസികള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വിവിധ സംസ്ഥാനങ്ങള്‍ ഇവര്‍ക്ക് കൊവിഡ് ടെസ്റ്റും ക്വാറന്‍റൈനും കര്‍ശനമാക്കുകയാണ്. കുംഭമേളയില്‍ പങ്കെടുത്തവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈനാണ് ദില്ലി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 12379 പുതിയ കൊവിഡ് കേസുകളാണ് മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 102 മരണമാണ് കൊവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറില്‍ ഇവിടെയുണ്ടായത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios