ദില്ലി: കുട്ടിക്കാലം മുതല്‍ കോണ്‍ഗ്രസിന് വേണ്ടി കഷ്ടപ്പെട്ട നേതാവായിരുന്നു അന്തരിച്ച ഷീല ദീക്ഷിതെന്ന് എ കെ ആന്‍റണി. കോണ്‍ഗ്രസിന്‍റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും  ഷീല ദീക്ഷിത് കരുത്തായി കോണ്‍ഗ്രസിന് പിന്തുടര്‍ന്നിരുന്നു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, നരസിംഹ റാവു, പ്രിയങ്ക ഗാന്ധി ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധിക്കൊപ്പവും ഷീല ദീക്ഷിത് ഉണ്ടായിരുന്നു. പതിനഞ്ച് വര്‍ഷക്കാലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായ ഷീല ദീക്ഷിത് ദില്ലി കണ്ട ഏറ്റവും പ്രഗല്‍ഭയായ മുഖ്യമന്ത്രിയായിരുന്നുവെന്ന് ഏ കെ ആന്‍റണി പറ‍ഞ്ഞു. 

ഇന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ഷീല ദീക്ഷിതിന്‍റെ അന്ത്യം. ദില്ലിയുടെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഷീലാ ദീക്ഷിത്. കേരളാ ഗവർണറായും ഷീലാ ദീക്ഷിത് ചുമതല വഹിച്ചിട്ടുണ്ട്. നിലവില്‍ ദില്ലി പിസിസി അധ്യക്ഷയായിരുന്നു ഷീല ദീക്ഷിത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.