മകൾ കൊവിഡ് പോസ്റ്റീവായതോടെ അധികൃതർ മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് മുൻ വ്യോസേന ഉദ്യോഗസ്ഥൻ കൂടിയായ ജോർജ് പുല്ലാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ദില്ലി: മാനസിക വെല്ലുവിളി നേരിടുന്ന മകളുമായി യുകെയിൽ (UK) നിന്നെത്തിയ മലയാളി കുടുംബത്തിന് കൊവിഡ് പോസ്റ്റീവായതിന്‍റെ (Covid 19) പേരിൽ ദില്ലി വിമാനത്താവളത്തിൽ അപമാനം നേരിടേണ്ടി വന്നതായി പരാതി. മകൾ കൊവിഡ് പോസ്റ്റീവായതോടെ അധികൃതർ മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് മുൻ വ്യോസേന ഉദ്യോഗസ്ഥൻ കൂടിയായ ജോർജ് പുല്ലാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

രണ്ടുമാസം മുൻപാണ് ഭാര്യയും മകളുമൊത്ത് ജോർജ് പുല്ലാട്ട് യുകെയിൽ പോയത്. തിരികെ ജനുവരി മൂന്നിന് ദില്ലി വിമാനത്താവളത്തിൽ എത്തി. യുകെയിൽ കൊവിഡ് ടെസ്റ്റും ബൂസ്റ്റർ ഡോസും എടുത്തതിന് ശേഷമാണ് ഇന്ത്യയിൽ തിരികെ എത്തിയത്. തുടർന്ന് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ മാനസിക വെല്ലുവിളി നേരിടുന്ന മകൾ കൊവിഡ് പോസിറ്റീവായി. കുടുംബാംഗങ്ങൾക്കും കുട്ടിയ്ക്കും മറ്റൊരു ലാബിൽ ടെസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതിനും അധികൃതർ തയ്യാറായില്ല. ഏഴ് ദിവസത്തിന് ശേഷം മാത്രമേ ടെസ്റ്റ് ചെയ്യാൻ അനുവദിക്കാനാവു എന്നായിരുന്നു നിലപാട്. തുടർന്ന് സർക്കാരിന്റെ കീഴിലുള്ള നീരീക്ഷണ കേന്ദ്രത്തിൽ കൊണ്ടുപോയെന്നും ഇവിടെ സൗകര്യങ്ങൾ ഇല്ലായിരുന്നുവെന്നുമാണ് പുല്ലാട്ട് പറയുന്നത്.

പിന്നാലെ ദില്ലി എയറോസിറ്റിയിലെ ആഡംബര ഹോട്ടലിലേക്ക് മാറ്റി. എന്നാൽ മകൾ മാനസിക വെല്ലുവിളി നേരിടുന്ന കാര്യം അറിയിച്ചിട്ടും തനിയെ മുറിയിൽ പാർപ്പിക്കണമെന്ന് അധികൃതർ നിലപാട് എടുത്തുവെന്ന് ജോർജ് പുല്ലാട്ട് ആരോപിക്കുന്നു. ഡോക്ടർമാരുടെ ഇടപെടലിന് പിന്നാലെയാണ് മൂന്ന് പേര്‍ക്കും ഒരേ മുറിയിൽ താമസിക്കാൻ അനുവാദം കിട്ടിയത്. അതേസമയം കേന്ദ്രവും ദില്ലി സർക്കാരും പുറത്തിറക്കിയ ആരോഗ്യപ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നാണ് ദില്ലി വിമാനത്താവള അധികൃതർ നൽകുന്ന വിശദീകരണം .

YouTube video player