ആഗ്ര(ഉത്തര്‍പ്രദേശ്): പാല്‍ കൊണ്ടുവന്ന വാഹനം മറിഞ്ഞ് റോഡിലൊഴികിയ പാല്‍ തെരുവ് പട്ടികളോടൊപ്പം മനുഷ്യനും പങ്കുവെക്കുന്ന ദൃശ്യം പുറത്തുവന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ രാംഭഗ് ചൗരാഹയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. 

തിങ്കളാഴ്ച രാവിലെ പാലുമായെത്തിയ ട്രക്ക് റോഡില്‍ മറിഞ്ഞ് പാല്‍ റോഡിലൂടെ ഒഴുകി. ഉടന്‍ തന്നെ റോഡരികില്‍ നില്‍ക്കുകയായിരുന്ന ഒരാള്‍ ഓടിയെത്തി പാല്‍ കൈകൊണ്ട് കൈയില്‍ കരുതിയ ചെറിയ കുടത്തില്‍ ശേഖരിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ അയാള്‍ക്കടുത്ത് തെരുവ് പട്ടികളും പാല്‍ കുടിക്കാനെത്തി. താജ്മഹലില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് രാംഭഗ്. 
കഴിഞ്ഞ മാസം 25നാണ് പ്രധാനമന്ത്രി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അടുത്ത രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടാനും സര്‍ക്കാര്‍ തീരുമാനിച്ചു.
  അതേസമയം, അപ്രതീക്ഷിത ലോക്ക്ഡൗണ്‍ പ്രഖ്യാപനം ആയിരങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിട്ടതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് തൊഴില്‍ നഷ്ടപ്പെട്ട് വീടുകളിലെത്താനാകാതെ ക്യാമ്പുകളില്‍ കഴിയുന്നത്. ദിവസക്കൂലി തൊഴിലാളികള്‍ക്ക് ഇളവുകള്‍ നല്‍കാതെ ലോക്ക്ഡൗണ്‍ നീട്ടുന്നത് കൂടുതല്‍ പേരെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വീഡിയോ സംബന്ധിച്ച് ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.