ദില്ലി: ആംആദ്മി എംഎല്‍എ അല്‍ക്ക ലാമ്പ കോണ്‍ഗ്രസിലേക്ക്. ആംആദ്മിയും അരവിന്ദ് കെജ്രിവാളുമായി തുടരുന്ന ആസ്വാരസ്യങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയുമായി അല്‍ക്ക ലാമ്പ കൂടിക്കാഴ്ച നടത്തി. 

ഇന്ന് രാവിലെ സോണിയാഗാന്ധിയുടെ വീട്ടിലെത്തിയാണ് ചര്‍ച്ചനടത്തിയത്. ചാന്ദ്നി ചൗക്കില്‍ നിന്നുള്ള എംഎല്‍എയായ അല്‍ക്കലാമ്പ പാര്‍ട്ടിയിലെ തന്‍റെ പ്രാഥമികാംഗത്വം ഉപേക്ഷിക്കുമെന്നും വരുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. 2020ലാണ് ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 

അല്‍ക്ക ലാമ്പയുടെ രാജി സ്വീകരിക്കാന്‍ തയ്യാറാണെന്നായിരുന്നു ഇതിനോട് പാര്‍ട്ടിയുടെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പിലെ ആംആദ്മി പാര്‍ട്ടിയുടെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയിലെ ജനപ്രതിനിധികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അല്‍ക്ക ലാമ്പയെ പുറത്താക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങാന്‍ ഇവര്‍ തയ്യാറായിരുന്നില്ല.