നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി ഇന്ന് ജന്തർ മന്തറിൽ രണ്ടാം ഘട്ട സമരം നടത്തും. പ്ലേറ്റും സ്പൂണുമായി എത്താൻ അഭജീത് ദീപികെ ആഹ്വാനം ചെയ്തു. ഞായറാഴ്ച നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെയാണ് ഈ പ്രതിഷേധം.
ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച് ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറിൽ നടക്കും. പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്ന 'പാറ്റകൾ' കയ്യിൽ ഒരു പ്ലേറ്റും സ്പൂണും കരുതണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കാത്തതിൽ പ്രതിഷേധിച്ചാണ് ദില്ലിയിലെ രണ്ടാം ഘട്ട പ്രക്ഷോഭം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്ന എല്ലാവരും പ്ലേറ്റും സ്പൂണുമായി വരണമെന്നും ബാക്കി കഥ എല്ലാവർക്കും അറിയാമെന്നും ദിപ്കെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
കൊവിഡ് മഹാമാരിക്കിടെ മുൻനിര പോരാളികൾക്ക് നന്ദി അറിയിക്കാൻ ജനങ്ങളോട് ബാൽക്കണിയിൽ നിന്ന് പാത്രങ്ങൾ കൊട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 മാർച്ചിൽ നടത്തിയ ആഹ്വാനത്തെ പരിഹസിച്ചാണ് ദിപ്കെയുടെ ഈ പരാമർശം. അതിനുശേഷം പാത്രങ്ങൾ കൊട്ടിയുള്ള പ്രതിഷേധം രാജ്യത്ത് ജനശ്രദ്ധ നേടിയിട്ടുണ്ട്. ആദ്യ സമരം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജന്തർ മന്തറിൽ രണ്ടാമത്തെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇതിനായി ദില്ലി പൊലീസിന്റെ അനുമതി ലഭിച്ചതായി സിജെപി ഭാരവാഹികൾ അറിയിച്ചു.
അതേസമയം നീറ്റ് പുനഃപരീക്ഷ ഞായറാഴ്ച നടക്കാനിരിക്കുകയാണ്. മെയ് 3-ന് നടന്ന പരീക്ഷ 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് എഴുതിയത്. എന്നാൽ ചോദ്യപ്പേപ്പർ ചോർന്നതോടെ പരീക്ഷ റദ്ദാക്കുകയായിരുന്നു. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ, ഞായറാഴ്ച നടക്കുന്ന നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇന്ന് രാജ്യവ്യാപകമായി മോക്ക് ഡ്രിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിലെ പിഴവുകൾ ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് ഈ നടപടി.
