ദില്ലി: ജെ എന്‍ യു സമരത്തില്‍ നിസ്സംഗത പാലിക്കുന്ന മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരവുമായി സംഘ്പരിവാര്‍ അനുകൂല വിദ്യാര്‍ഥി സംഘടനയായ എബിവിപി രംഗത്ത്. ഞങ്ങള്‍ ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയല്ല. ഭരിക്കുന്ന പാര്‍ട്ടി നോക്കാതെ എക്കാലവും വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുമെന്ന് എബിവിപി സ്റ്റേറ്റ് സെക്രട്ടറി സിദ്ധാര്‍ത്ഥ് യാദവ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും എന്നാല്‍, ജെഎന്‍യു വിദ്യാര്‍ഥി പിന്തുണയില്ലെന്നും എബിവിപി വ്യക്തമാക്കി. 

ഹോസ്റ്റല്‍ ഫീസ് നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് എംഎച്ച്ആര്‍ഡി മന്ത്രാലയത്തിലേക്ക് എബിവിപി മാര്‍ച്ച് സംഘടിപ്പിച്ചു. സര്‍വകലാശാലയില്‍ ഇത്രയേറെ സമരങ്ങളുണ്ടായിട്ടും പ്രതികരിക്കാത്ത മന്ത്രി രാജിവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 

ഹോസ്റ്റല്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് ജെഎന്‍യുവില്‍ സമരം തുടരുകയാണ്. മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. വിശ്വാസത്യ നഷ്ടപ്പെട്ട വൈസ് ചാന്‍സലര്‍ മാമിദാല ജഗദേഷ് കുമാര്‍ രാജിവെക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.