Asianet News MalayalamAsianet News Malayalam

ജെഎൻയു ആക്രണത്തിലെ മുഖം മൂടിക്കാരി; ആ പെൺകുട്ടി ഞാനല്ലെന്ന് കോമൾ ശർമ്മ

"ദൃശ്യങ്ങളിലുള്ള പെൺകുട്ടി ‌ഞാനല്ല, എന്നെ പെടുത്താൻ ശ്രമം നടക്കുകയാണ്. ഇത് മനപ്പൂർവം ചെയ്യുന്നതാണ്. ആരുടെയൊക്കയോ ദുരുദ്ദേശങ്ങളാണ് ഇതിന് പിന്നിൽ" കോമൾ ശർമ്മ പറയുന്നു.

ABVP MEMBER Komal Sharma says she is not the masked women in jnu attack visual
Author
Delhi, First Published Jan 15, 2020, 1:41 PM IST

ദില്ലി: ജെഎൻയു ക്യാമ്പസിൽ ആക്രമണം നടത്തിയ സംഘത്തിലെ മുഖം മൂടിയണിഞ്ഞ പെൺകുട്ടി താനാണെന്ന ദില്ലി പൊലീസിന്‍റെ കണ്ടെത്തലിനെതിരെ ദില്ലി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയും എബിവിപി പ്രവർത്തകയുമായ കോമൾ ശർമ്മ. താനാണ് അക്രമിയെന്ന വാർത്തകൾക്കെതിരെ കോമൾ ശർമ്മ ദേശീയ വനിതാ കമ്മീഷനെ സമീപിച്ചു. 

"ദൃശ്യങ്ങളിലുള്ള പെൺകുട്ടി ‌ഞാനല്ല, എന്നെ പെടുത്താൻ ശ്രമം നടക്കുകയാണ്. ഇത് മനപ്പൂർവം ചെയ്യുന്നതാണ്. ആരുടെയൊക്കയോ ദുരുദ്ദേശങ്ങളാണ് ഇതിന് പിന്നിൽ" കോമൾ ശർമ്മ പറയുന്നു. വാർത്ത പരന്നതോടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം നിരന്തരം തന്നെ വിളിച്ച് അക്രമി താനാണെന്ന തെറ്റിദ്ധാരണയിൽ സംസാരിക്കുന്നതായും കോമൾ വനിതാ കമ്മീഷന് മുമ്പാകെ സമർപ്പിച്ച പരാതിയിൽ പറയുന്നു. 

ദൗലത്ത് റാം കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് കോമൾ ശർമ്മ. വാർത്ത പുറത്ത് വന്ന ശേഷം കോമൾ ശർമ്മയുടെ ഫോൺ സ്വിച്ചോഫ് ആകുകയായിരുന്നു. ഇപ്പോഴാണ് വിഷയത്തിൽ വിദ്യാർത്ഥിനിയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടാവുന്നത്. ജനുവരി അഞ്ചിന് ജെഎന്‍യു ക്യാമ്പസിലുണ്ടായ ആക്രമണത്തിന്‍റെ വൈറലായ ദൃശ്യങ്ങളില്‍ ചെക്ക് ഷര്‍ട്ട് ധരിച്ച് ഇളം നീല നിറത്തിലുള്ള സ്കാര്‍ഫുകൊണ്ട് മുഖം മറച്ച് വടികളുമായി ജെഎന്‍യുവിലെ വിദ്യാര്‍ഥികളെ ആക്രമിച്ച പെണ്‍കുട്ടി ദില്ലി സര്‍വ്വകലാശാല വിദ്യാര്‍ഥിനി കോമൾ ശർമ്മയാണെന്ന് സ്ഥിരീകരിച്ചത് ദില്ലി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമായിരുന്നു. കോമള്‍ ശര്‍മ്മയാണ് വൈറല്‍ ചിത്രങ്ങളിലുള്ള പെണ്‍കുട്ടിയെന്ന് ഇന്ത്യ ടുഡേയുടെ സ്റ്റിംഗ് ഓപ്പറേഷൻ റിപ്പോർട്ടും ഇതിനിടെ പുറത്ത് വന്നിരുന്നു. 

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിദ്യാര്‍ഥിനിക്ക് നിര്‍ദേശം നല്‍കിയെന്ന് പ്രത്യേക അന്വേഷണ സംഘം അന്ന് അറിയിച്ചിരുന്നു. കോമള്‍ ശര്‍മയാണ് വൈറല്‍ ചിത്രങ്ങളിലുള്ള പെണ്‍കുട്ടിയെന്ന് ഇന്ത്യ ടുഡേയുടെ സ്റ്റിംഗ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ മുഖം വെളിപ്പെടുത്തരുതെന്ന് കോമള്‍ ശര്‍മ്മയുടേതെന്ന പേരിലുള്ള ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. കോമളിന്‍റെ സീനിയര്‍ വിദ്യാര്‍ഥികളാണ് ഈ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്. ദില്ലി പൊലീസ് നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട അക്ഷത് അവസ്തിയും അക്രമണത്തില്‍ കോമളിന്‍റെ പങ്ക് വ്യക്തമാക്കിയിരുന്നു. ഇന്ത്യ ടുഡേ നടത്തിയ സ്റ്റിംഗ് അന്വേഷണത്തിലായിരുന്നു അക്ഷത് അവസ്തിയുടെ വെളിപ്പെടുത്തല്‍ . 

Follow Us:
Download App:
  • android
  • ios