Asianet News MalayalamAsianet News Malayalam

ജെഎൻയു: ഫീസ് വർധനവിനെതിരെ എബിവിപിയും സമരത്തിന്

  • ഇടതുവിദ്യാർത്ഥി സംഘടനകൾ സമരത്തെ രാഷ്ട്രീയവത്കരിച്ചെന്ന് എബിവിപി
  • ജെഎൻയുവിൽ പതിനേഴ് ദിവസമായി തുടരുന്ന വിദ്യാർത്ഥി സമരം ഇന്ന് മുതൽ ക്യാമ്പസിലെ അഡ്‍മിനിസ്‍ട്രേറ്റീവ് ബ്ലോക്കിന് മുന്നിലേക്കായി
ABVP to protest against fee hike in JNU
Author
JNU, First Published Nov 12, 2019, 6:57 PM IST

ദില്ലി: ജെഎൻയുവിൽ പതിനേഴ് ദിവസങ്ങൾ പിന്നിട്ട സമരത്തിന്റെ ഭാഗമാകാൻ ഒടുവിൽ എബിവിപിയും. എബിവിപി സർവ്വകലാശാല യൂണിറ്റ് നാളെ യുജിസി ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ഫീസ് വർധനവിനെതിരെയാണ് സമരമെന്നും ഇടതുവിദ്യാർത്ഥി സംഘടനകൾ സമരത്തെ രാഷ്ട്രീയ വത്കരിച്ചെന്നും എബിവിപി നേതൃത്വം ആരോപിച്ചു.

സമരത്തിൽ തങ്ങൾ തുടക്കം മുതലുണ്ടായിരുന്നുവെന്നും എബിവിപി നേതൃത്വം പറഞ്ഞു. ജെഎൻയുവിൽ പതിനേഴ് ദിവസമായി തുടരുന്ന വിദ്യാർത്ഥി സമരം ഇന്ന് മുതൽ ക്യാമ്പസിലെ അഡ്‍മിനിസ്‍ട്രേറ്റീവ് ബ്ലോക്കിന് മുന്നിലേക്കായി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച് കൊണ്ട് വിദ്യാർത്ഥികൾ സമരം ചെയ്തു. അവധി ദിവസമായതിനാൽ ഇന്ന് ക്യാമ്പസ് പ്രവർത്തിക്കുന്നില്ല. അതേസമയം ഇന്നലെ ഒമ്പത് മണിക്കൂർ നീണ്ട ഉപരോധസമരത്തിൽ കേന്ദ്ര മന്ത്രി രമേഷ് പൊഖ്റിയാൽ അടക്കമുള്ളവർ ക്യാമ്പസിനകത്ത് കുടുങ്ങിയിരുന്നു. ഫീസ് വർധനവ്, ഹോസ്റ്റൽ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥി യൂണിയനുമായി ആലോചിക്കാതെ പുതിയ തീരുമാനങ്ങൾ നടപ്പാക്കുന്നതിനെതിരെയാണ് സമരം. വിഷയത്തിൽ ചർച്ചയ്ക്ക് പോലും തയ്യാറാകാത്ത വിസിയെ പുറത്താക്കണമെന്ന് വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടു. ജെഎൻയു അധ്യാപക അസോസിയേഷനും സമരത്തിന് പിന്തുണ നൽകിയിട്ടുണ്ട്. 

ഹോസ്റ്റൽ ഫീസ് കുത്തനെ കൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ജെഎൻയുവിലെ വിദ്യാർത്ഥികൾ നടത്തുന്ന സമരം ഇന്നലെ സംഘർഷത്തിലാണ് കലാശിച്ചത്. ജെഎൻയു ക്യാമ്പസിനോട് ചേർന്ന ഓഡിറ്റോറിയത്തിൽ ബിരുദദാനച്ചടങ്ങിനെത്തിയ കേന്ദ്രമന്ത്രിയെയും വൈസ് ചാൻസലറെയും മണിക്കൂറുകളോളം വിദ്യാർത്ഥികൾ തടഞ്ഞുവെച്ചു. വിദ്യാർത്ഥികളെ മർദ്ദിച്ചും വലിച്ചിഴച്ചും ഇവിടെ നിന്ന് നീക്കിയ ശേഷമാണ് കേന്ദ്രമന്ത്രിയെ പുറത്തേക്ക് കൊണ്ടുപോയത്. നിരവധി വിദ്യാർത്ഥികൾക്ക് പോലീസ് മർദനത്തിൽ പരിക്കേറ്റിരുന്നു.

Follow Us:
Download App:
  • android
  • ios