വാഷിംഗ്ടണ്‍: ചൈനയുമായുള്ള പ്രശ്‌നം ഇന്ത്യക്ക് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന വസ്തുത ഇന്ത്യ ഉള്‍ക്കൊള്ളണമെന്ന് യുഎസ് മുന്നറിയിപ്പ്. ബലപ്രയോഗത്തിലൂടെ നിയന്ത്രണ രേഖയില്‍ ആധിപത്യം സ്ഥാപിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് മുന്നറിയിപ്പ് നല്‍കി. 

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം കഴിഞ്ഞ അഞ്ച് മാസമായി തുടരുകയാണ്. സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ നയതന്ത്ര തലത്തിലും മന്ത്രിതലത്തിലും സൈനിക തലത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും നിര്‍ണായകമായ തീരുമാനത്തിലെത്താന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിച്ചിട്ടില്ല. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് പ്രകോപനപരമാണ്. നിയന്ത്രണരേഖയില്‍ ബലപ്രയോഗത്തിലൂടെ ആധിപത്യം സ്ഥാപിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയന്‍ പറഞ്ഞു.

തായ്വാന്‍ മേഖലയിലും ചൈന പ്രകോപനം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ സുതാര്യമല്ലാത്ത ചൈനീസ് വായ്പകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം പല പദ്ധതികളും വെള്ളാനകളാണെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് വായ്പകളെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ അവരുടെ പരാമധികാരമാണ് അടിയറവെക്കുന്നത്. ഇത്തരം രാജ്യങ്ങള്‍ക്ക് യുഎന്നിലും ചൈന പ്രതിസന്ധിയിലാകുന്ന മറ്റ് പ്രശ്‌നങ്ങളിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് അംഗീകരിക്കാതെ മറ്റ് മാര്‍ഗമില്ല.

ചൈനീസ് ഭീഷണിയില്‍ നിന്ന് അമേരിക്കന്‍ ജനതയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡോ-പസിഫിക് മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.