Asianet News MalayalamAsianet News Malayalam

ബിജെപി അംഗത്വമെടുക്കാന്‍ ചെന്നൈയില്‍ കൊലക്കേസ് പ്രതിയെത്തി, പൊലീസിനെ കണ്ട് മുങ്ങി, ഒഴിഞ്ഞുമാറി നേതൃത്വം

തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുഗന്‍ അടക്കം പങ്കെടുക്കുന്ന പരിപാടിയിലാണ് കൊടുംകുറ്റവാളിയായ സൂര്യ എത്തിയത്.
 

accused of murder case shows up a bjp event to join party escapes from police
Author
Chennai, First Published Sep 1, 2020, 5:04 PM IST

ചെന്നൈ: ബിജെപി അംഗത്വം സ്വീകരിക്കാനെത്തിയ കൊലക്കേസുകളിലെ പ്രതി പൊലീസിനെ കണ്ടതോടെ മുങ്ങി. ആറ് കൊലക്കേസ് ഉള്‍പ്പെടെ 36ഓളം ക്രിമിനല്‍ കേസുകളിലെ പ്രതിയായ സൂര്യയാണ് രക്ഷപ്പെട്ടത്. ചെന്നൈയിലാണ് സംഭവം. പരിപാടിക്കെത്തിയ ഇയാളുടെ നാല് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 

തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുഗന്‍ അടക്കം പങ്കെടുക്കുന്ന പരിപാടിയിലാണ് കൊടുംകുറ്റവാളിയായ സൂര്യ എത്തിയത്. ഇയാള്‍ പങ്കെടുക്കുന്നതറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ ഇയാള്‍ അവിടെ നിന്ന് മുങ്ങി. വെണ്ടലൂരിനടുത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 

ബിജെപിയില്‍ ചേരാനായി സൂര്യ എത്തുമെന്ന് ചെങ്കല്‍പേട്ട് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് സ്ഥലത്ത് പൊലീസ് ശക്തമായ നിരീക്ഷണം ഒരുക്കിയത്. എന്നാല്‍, പൊലീസിന്റെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ സൂര്യ വന്ന കാറില്‍ തന്നെ രക്ഷപ്പെട്ടു. 

അതേസമയം ഇയാളുടെ പശ്ചാത്തലം അറിയില്ലായിരുന്നുവെന്നാണ് ബിജെപി വിശദീകരണം. പാര്‍ട്ടിയില്‍ ചേരാനെത്തുന്നവരെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് എല്‍ മുരുഗനും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് മുരുഗന്‍ ഒഴിഞ്ഞുമാറി. 

ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ക്ക് അംഗത്വം നല്‍കിയതിനെ തുടര്‍ന്ന് നേരത്തെയും ബിജെപിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കല്‍വെട്ട് രവി എന്ന ക്രിമിനലിന് അംഗത്വം നല്‍കിയതാണ് നേരത്തെ വിമര്‍ശനത്തിന് ഇടയാക്കിയത്.
 
നേര്‍കുണ്ട്രം സ്വദേശിയായ സൂര്യ തമിഴ്‌നാട്ടിലെ കുപ്രസിദ്ധ കുറ്റവാളിയാണ്. ഏറെക്കാലമായി ഒളിവിലാണ് ഇയാള്‍. കല്‍വെട്ട് രവിയെപ്പോലെ സൂര്യയെയും പാര്‍ട്ടിയിലെടുത്താല്‍ ഗുണകരമാകുമെന്ന് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios