Asianet News MalayalamAsianet News Malayalam

തൂത്തൂക്കുടി കസ്റ്റഡി മരണം; ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിസഹകരിച്ചതായും സ്റ്റേഷനിലെത്തിയ കമ്മീഷനെ പൊലീസ് ഭീഷണിപ്പെടുത്തിയതായും കമ്മീഷന്‍ വെളിപ്പെടുത്തി.

action against police officials on Thoothukudi custodial death
Author
Chennai, First Published Jun 30, 2020, 11:25 AM IST

ചെന്നൈ: തൂത്തുക്കുടിയില്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ വ്യാപാരികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. എഎസ്‍പി, ഡിഎസ്‍പി എന്നിവരെ സ്ഥലം മാറ്റി. കോണ്‍സ്റ്റബിള്‍ മഹാരാജിനെ സസ്പെന്‍ഡ് ചെയ്തു. പൊലീസുകാര്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ ഗുരുതര ആരോപണം ആണ് ഉന്നയിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിസഹകരിച്ചതായും സ്റ്റേഷനിലെത്തിയ കമ്മീഷനെ പൊലീസ് ഭീഷണിപ്പെടുത്തിയതായും കമ്മീഷന്‍ വെളിപ്പെടുത്തി.  സുപ്രധാന തെളിവുകള്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 

അതേസമയം തൂത്തുക്കുടി കസ്റ്റഡിമരണത്തിൽ പൊലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസിനെ ബെനിക്സ് മർദ്ദിച്ചെന്നായിരുന്നു എഫ്ഐആർ. എന്നാൽ, പൊലീസിനോട് സംസാരിച്ച് ബെനിക്സ് മടങ്ങി വരുന്നത് ദൃശ്യങ്ങളിലുണ്ട്. കടയ്ക്ക് മുന്നിൽ വൻ സംഘർഷമോ വൻ ജനക്കൂട്ടമോ ഉണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. 

ബെനിക്സിന്‍റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്പതുമണിക്ക് വന്‍ ജനകൂട്ടം ആയിരുന്നെവന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ബെനിക്സ് ആക്രമിച്ചുവെന്നുമാണ് എഫ്ഐആര്‍. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമാണ് വാദം. എന്നാല്‍ പൊലീസ് വാദം തെറ്റാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടക്കാന്‍ ബെനിക്സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടയ്ക്ക് മുന്നില്‍ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു.

ലോക്കപ്പ് മര്‍ദനത്തില്‍ വ്യാപാരികള്‍ കൊല്ലപ്പെട്ട സാത്താന്‍കുളം പൊലീസ് സ്റ്റേഷന്‍റെ ചുമതല റവന്യൂ വകുപ്പ് ഏറ്റെടുക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. അന്വേഷണവുമായി പൊലീസ് സഹകരിക്കുന്നില്ലെന്ന ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഉത്തരവ്. തെളിവുകള്‍ നശിപ്പിക്കപ്പെടരുതെന്നും  മുഴുന്‍ രേഖകളും ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.  അതേസമയം ബെനികസ് പൊലീസിനെ മര്‍ദിച്ചെന്ന വാദം തെറ്റെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

Follow Us:
Download App:
  • android
  • ios