ദില്ലി/ ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ താരവും കോൺഗ്രസ് വക്താവുമായ ഖുശ്ബു സുന്ദറിനെ പാർട്ടി പദവിയിൽ നിന്ന് നീക്കി കോൺഗ്രസ്. എഐഎസിസി വക്താവ് സ്ഥാനത്ത് നിന്നാണ് പാർട്ടി ഖുശ്ബുവിനെ പുറത്താക്കിയത്. ബിജെപിയിൽ ചേരാനിരിക്കുകയാണ് ഖുശ്ബു എന്ന സജീവമായ അഭ്യൂഹങ്ങളുയർന്നതിന് പിന്നാലെയാണ് നടപടി. എഐസിസിക്ക് വേണ്ടി കമ്മ്യൂണിക്കേഷൻസ് സെക്രട്ടറി പ്രണവ് ഝായാണ് വാർത്താക്കുറിപ്പിലൂടെ ഈ വിവരം അറിയിച്ചത്.

എന്നാൽ ഇതിന് മുമ്പേ തന്നെ ഖുശ്ബു പാർട്ടി വിടുന്നതായി കാട്ടി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നൽകി. പാർട്ടിയുമായി യോജിച്ച് പോകാനാകില്ലെന്ന് കാട്ടിയാണ് രാജിക്കത്ത് നൽകിയത്. രാജിക്കത്ത് ഇവിടെ:

Image

പാർട്ടിയിൽ അർഹമായ പരിഗണനയോ സ്ഥാനമാനങ്ങളോ കിട്ടുന്നില്ലെന്ന് ഖുശ്ബുവിന് കടുത്ത പരാതിയുണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയില്ല എന്നതിലും ഖുശ്ബുവിന് കടുത്ത അതൃപ്തിയുണ്ടായിരുന്നതായാണ് സൂചന. ഇത് പാർട്ടി നേതൃത്വത്തെ പല തവണ അറിയിച്ചെങ്കിലും ഒരു തരത്തിലും പ്രതികരണങ്ങളുണ്ടായില്ല. ഇതെല്ലാം ഉരുണ്ടുകൂടിയാണ്, കോൺഗ്രസിൽ നിന്ന് പുറത്തുപോകാൻ ഖുശ്ബു തീരുമാനിക്കുന്നത്. 

ഇന്ന് ഉച്ചയോടെ ബിജെപി ആസ്ഥാനത്തെത്തി പാർട്ടി ദേശീയാധ്യക്ഷൻ ജെപി നദ്ദയിൽ നിന്ന് ഖുശ്ബു അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുന്നോടിയായി അവർ ഇന്നലെത്തന്നെ ദില്ലിയിൽ എത്തിയിരുന്നു. ചില ബിജെപി നേതാക്കളുമായി ഇവർ കൂടിക്കാഴ്ചയും നടത്തിയതായാണ് റിപ്പോർട്ടുകൾ.

ശനിയാഴ്ച പുറത്തുവന്ന ഖുശ്ബുവിന്‍റെ ട്വീറ്റ് രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇക്കാലത്തിനിടയില്‍ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായെന്നും പല ധാരണകളിലും മാറ്റം വന്നെന്നും, മാറ്റം അനിവാര്യമാണെന്നുമായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. 

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ നയത്തെ പിന്തുണച്ചത് മുതലാണ് ഖുശ്ബു കോണ്‍ഗ്രസുമായി അകലുന്നത്. വിദ്യാഭ്യാസ നയത്തെ പിന്തുണച്ച ഖുശ്ബു, ഇക്കാര്യത്തില്‍ തന്റെ നിലപാട് കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമാണെന്നും രാഹുല്‍ഗാന്ധി ക്ഷമിക്കണമെന്നും പറഞ്ഞിരുന്നു. തനിക്ക് തന്‍റേതായ അഭിപ്രായമുണ്ടെന്നും തലയാട്ടുന്ന റോബോട്ടോ കളിപ്പാവയോ അല്ലെന്നും ഖുശ്ബു അന്ന് വ്യക്തമാക്കി. 

2014-ലാണ് സ്റ്റാലിനുമായുള്ള കടുത്ത അഭിപ്രായഭിന്നതയെത്തുടർന്ന് ഖുശ്ബു ഡിഎംകെ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പിന്നീട് എഐസിസി വക്താവ് സ്ഥാനം വരെ എത്തി. പല വിഷയങ്ങളിലും ബിജെപിയുടെ ശക്തയായ വിമര്‍ശകയായിരുന്നു ഖുശ്ബു.