ലക്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായവരോടുള്ള ഉത്തര്‍പ്രദേശ് പൊലീസിന്‍റെ പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തി ആക്ടിവിസ്റ്റ്. നിങ്ങള്‍ ഹിന്ദുവല്ലേ, എന്തിനാണ് നിങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നാണ് പൊലീസുകാര്‍ ചോദിച്ചതെന്ന് റോബിന്‍ വര്‍മ്മ എന്ന ആക്ടിവിസ്റ്റ് പറഞ്ഞു.

സിഎഎ നിങ്ങള്‍ക്ക് ഒരു അപകടവും വരുത്തുന്നില്ലല്ലോ എന്നും അവര്‍ ചോദിച്ചെന്ന് റോബിന്‍ വര്‍മ്മ പറഞ്ഞു. ലക്നൗവില്‍ ഡിസംബര്‍ 20ന് നടന്ന പ്രതിഷേധത്തിനിടെ റോബിന്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിലാകുന്നതിന് ഒരു ദിവസം മുമ്പ് പരിവര്‍ത്തന്‍ ചൗക്കില്‍ സമാധാനപരമായി നടന്ന സിഎഎ വിരുദ്ധ റാലിയില്‍ റോബിന്‍ പങ്കെടുത്തിരുന്നു.

ഡിസംബര്‍ 20ന് മാധ്യമപ്രവര്‍ത്തകനായ ഒമര്‍ റാഷിദിന്‍റെ കൂടെ ബിജെപി ഓഫീസിന് സമീപം ഭക്ഷണം കഴിക്കുകയായിരുന്നു. അവര്‍ പൊലീസ് വേഷത്തില്‍ അല്ലായിരുന്നു. ഞങ്ങളുടെ അടുത്ത് വന്ന ശേഷം പൊലീസാണെന്നും അവര്‍ക്കൊപ്പം വരണമെന്നും ആവശ്യപ്പെട്ടു. അറസ്റ്റ് വാറണ്ടൊന്നും കാണിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. ഞങ്ങളുടെ മൊബൈല്‍ ഫോണുകളും അവര്‍ വാങ്ങിയെന്നും റോബിന്‍ പറഞ്ഞതായി ദി ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്തു.

ശൗചാലയത്തില്‍ പോകാന്‍ പോലും പൊലീസ് അനുവദിച്ചില്ല. ഒരു തുള്ളി വെള്ളം കുടിക്കാന്‍ തരാനോ തന്‍റെ കുടുംബത്തെ വിവരം അറിയിക്കാനോ അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാരീരികമായി ഉപദ്രവിച്ചതിന് പുറമെ തന്‍റെ ഭാര്യയെയും മകളെയും അപമാനിക്കുമെന്ന്  ഭീഷണിപ്പെടുത്തിയതായും ദി ഹിന്ദുവിനോട് റോബിന്‍ പറഞ്ഞിരുന്നു.

തന്‍റെ ഫോണ്‍ പരിശോധിച്ച ശേഷം കോണ്‍ടാക്ട് ലിസ്റ്റിലും വാട്സ് ആപ്പിലും മുസ്ലീമുകള്‍ ഉള്ളതിനെ കുറിച്ച് അവര്‍ മോശമായാണ് സംസാരിച്ചത്. അധ്യാപകന്‍ കൂടിയായ തന്‍റെ ജന്മദിനത്തിന് മുസ്ലീമായ ഒരു വിദ്യാര്‍ത്ഥി ആശംസകള്‍ അറിയിച്ചിരുന്നു. എങ്ങനെ അവനെ അറിയാം? എന്തിനാണ് അവരുമായൊക്കെ ചങ്ങാത്തം? എന്തിനാണ് അവരുടെ കൂടെ നടക്കുന്നത് എന്നൊക്കെയാണ് പിന്നീട് പൊലീസുകാര്‍ ചോദിച്ചത്.

തന്‍റെ കുടുംബത്തെ ആകെ നശിപ്പിച്ച് കളയുമെന്നും ഭാര്യയെയും മകളെയും വേശ്യകളാക്കി മാറ്റുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. ലാത്തി കൊണ്ട് ക്രൂരമായാണ് അവര്‍ തല്ലിച്ചതച്ചത്. ജാമ്യം ലഭിച്ച ശേഷവും തനിക്കെതിരെ പ്രതികാരനടപടികളുമായി അവര്‍ മുന്നോട്ട് പോവുകയാണെന്നാണ് റോബിന്‍ പറയുന്നത്. പൊതുമുതല്‍ നശിപ്പിച്ചുവെന്ന് കാണിച്ച് 2.59 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.