റിപ്പബ്ളിക് ദിനത്തിലെ സംഘർഷങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവാണെന്ന് കർഷക നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കർഷക നേതാക്കൾ ശക്തമായി ഉന്നയിക്കുന്നുണ്ട്.

ദില്ലി: ചെങ്കോട്ട സംഘർഷത്തിൽ പ്രതിയായ പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദു അറസ്റ്റില്‍. ദില്ലി പൊലീന്‍റെ സ്പെഷ്യല്‍ സെല്ലാണ് ഇന്ന് പുലർച്ചെയാണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. 13 ദിവസമായി ദീപ് സിദ്ദു ഒളിവിലായിരുന്നു. പഞ്ചാബിലെ സിര്‍ക്കാപൂരില്‍ നിന്നാണ് സിദ്ദു അറസ്റ്റിലായതെന്നാണ് സൂചന. ഇതോടെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 128 ആയി.

സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ചെങ്കോട്ടയില്‍ കടന്ന ദീപ് സിദ്ദുവും സംഘവും അവിടെ സിഖ് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ഒളിവിലായിരുന്ന സിദ്ദുവിനെ കുടുക്കിയത്. ഒളിവിലിരുന്ന് വിദേശത്തുളള വനിതാസുഹൃത്ത് വഴി സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ഇയാളെ ഉച്ചയോടെ രോഹിണിയിലെ കോടതിയിൽ ഹാജരാക്കും .

ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ദില്ലി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവാണെന്ന് കർഷക നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കർഷക നേതാക്കൾ ശക്തമായി ഉന്നയിക്കുന്നുണ്ട്. ചെങ്കോട്ടയിലെ സംഘർഷത്തിൽ കോട്ട് വാലി സ്റ്റേഷനിൽ എടുത്ത കേസിൽ ദീപ് സിദ്ദു, ഗുണ്ടാ നേതാവ് ലക്കാ സാധന എന്നിവരെ നേരത്തെ പ്രതി ചേർത്തിരുന്നു. ചെങ്കോട്ടയിൽ കൊടി കെട്ടിയ ജുഗു രാജ് സിങ്ങിന്റെ തൻ തരനിലെ വീട്ടിലും പൊലിസ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. 

Also Read: കര്‍ഷക സമരം തിരിച്ചുവിട്ട ദീപ് സിദ്ദു ആരാണ് ?